അവധി നിഷേധിച്ചു; ഹോട്ടല്‍ ജീവനക്കാരിക്ക് നഷ്ടപരിഹാരമായി രണ്ടേകാല്‍ കോടി രൂപ

0

അവധി അപേക്ഷിച്ചിട്ടും നിഷേധിച്ച് തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ ജോലിയെടുപ്പിച്ച ഹോട്ടലിനെതിരെ പരാതി നല്‍കിയ ജീവനക്കാരിക്ക് വിജയം. അമേരിക്കയിലെ ഹില്‍ട്ടന്‍ ഹോട്ടല്‍സിനെതിരെയായിരുന്നു അറുപതു വയസുകാരി പരാതി നല്‍കിയതും നിയമ പോരാട്ടം നടത്തിയതും. രണ്ടേകാല്‍കോടിയിലധികം രൂപയാണ് നഷ്ടപരിഹരമായി കോടതി വിധിച്ചത്. ഭീമമായ തുക കൊടുക്കുക എന്നതിനേക്കാള്‍ ലോകത്തെങ്ങുമുള്ള സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരോട് നന്നായി പെരുമാറാനുള്ള സന്ദേശമാണ് വിധിയിലൂടെ നല്‍കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹെയ്ത്തിയില്‍ ജനിച്ച ക്രിസ്ത്യന്‍ മതവിശ്വാസിയും മിഷനറി പ്രവര്‍ത്തകയുമായാണ് പരാതിക്കാരിയായ ജീന്‍ മേരി പിയറി. ഹില്‍ട്ടന്‍ ഹോട്ടലില്‍ ഒരു ദശകത്തിലേറെ ജോലി ചെയ്തിട്ടുണ്ട് ജീന്‍ മേരി പിയറി. തുടക്കത്തില്‍ ഞായറാഴ്ചകളില്‍ ഒഴിവ് അനുവദിച്ചിരുന്നെങ്കിലും തുടര്‍ച്ചയായ ആറു ഞായറാഴ്ചകളില്‍ ജോലിക്കു ഹാജരാകാന്‍ നിര്‍ദേശം വന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
2006ല്‍ ജോലിക്കു ചേര്‍ന്നപ്പോള്‍ തന്നെ തനിക്ക് ഞായറാഴ്ചകളില്‍ അവധി വേണമെന്ന് പിയറി പറഞ്ഞിരുന്നത്രേ. 2009ലെ വിശുദ്ധദിനത്തില്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തനിക്ക് ആ ദിവസം ഹാജരാകാന്‍ കഴിയില്ലെന്ന് പിയറി അറിയിച്ചു. എന്നിട്ടും 2015 വരെ വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി. പക്ഷേ, പിന്നീട് മിയാമി കോണ്‍റാഡ് ( ഹില്‍ട്ടന്‍ എന്ന പേരില്‍ ലോകമാകെ അറിയപ്പെട്ടിരുന്ന ഹോട്ടല്‍ ഗ്രൂപ്പ് ) ഞായറാഴ്ചകളില്‍ പിയറിയെ ജോലിക്കു നിയോഗിക്കുകയും അവര്‍ ഹാജരാകാതെ വന്നപ്പോള്‍ അടിസ്ഥാനരഹിതമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുറത്താക്കുകയുമായിരുന്നു.വിധിയില്‍ തങ്ങള്‍ നിരാശരാണെന്നും അപ്പീല്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഹോട്ടല്‍ അധികൃതര്‍ പറയുന്നു. എന്തായാലും തന്റെ വിശ്വാസത്തിന്റെ വിജയമായാണ് വിധിയെ പിയറി കാണുന്നത്.

- Advertisement -