ഇത് നായയോ അതോ?… ജീവിക്കുന്നെങ്കില്‍ ഇങ്ങനെ വേണം

0

ജനിക്കുവാണെങ്കില്‍ ഫാറെലിന്റെ ബസ്റ്ററായി ജനിക്കണം. എന്താണെന്ന് മനസ്സിലായില്ല അല്ലേ? സിംപിളായി പറയാം, സംഭവം ഇതാണ് ജനിക്കന്നെങ്കില്‍ സീന്‍ ഫാറെല്‍ എന്ന യുവാവിന്റെ വീട്ടിലെ പട്ടിയായി ജനിക്കണമെന്ന്. എന്തുകൊണ്ടാണന്നോ, ലോകത്ത് മറ്റെവിടെയും കാണില്ല ഇത്രയും സൗകര്യത്തില്‍ വളരുന്നൊരു പട്ടികുട്ടി. വളര്‍ത്തുനായയെ ജീവനു തുല്യം സ്‌നേഹിക്കുന്ന സീന്‍ ഫാറെല്‍ തന്റെ പ്രിയപ്പെട്ട ബസ്റ്ററെന്ന പട്ടിക്കുട്ടിയ്ക്ക് വേണ്ടി നിര്‍മ്മിച്ച മുറിയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.


പഞ്ഞിക്കെട്ടുകള്‍ കൊണ്ടുള്ള കുഞ്ഞന്‍ ബെഡ്, ചുവരുകളില്‍ നിറയെ അലങ്കാരവസ്തുക്കള്‍, കിളിവാതില്‍, ഇന്‍ഡോര്‍ പ്ലാന്റ്‌സും കളിപ്പാട്ടങ്ങളുമൊക്കെ നിരത്തിയിട്ടുള്ള മനോഹരമായ ഷെല്‍ഫ്, കൂളിങ് ഫാന്‍ ഇങ്ങനെ നീളുന്നു ബസ്റ്ററിന്റെ മുറിയിലെ സൗകര്യങ്ങള്‍. ലിവിങ് റൂമില്‍ തന്നെ പ്രത്യേകമായി ചെറിയ മുറിയെന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മരവും പ്ലൈവുഡുമാണ് ഉപയോഗിച്ചിട്ടുള്ളത്. ബസ്റ്ററിന്റെ കിടപ്പുമുറിയെന്ന് മുകളില്‍ എഴുതി വച്ചിട്ടുമുണ്ട്.


രണ്ടുവര്‍ഷമേ ആയിട്ടുള്ളു ഫാറെലിന് ബസ്റ്റര്‍ എന്നു പേരിട്ട നായയെ കിട്ടിയിട്ട്. തന്നെപ്പോലെ തന്നെ വീട്ടില്‍ ബസ്റ്ററിനും എന്തുകൊണ്ട് ഒരു മുറി ആയിക്കൂടാ എന്ന ചിന്തയാണ് എല്ലാത്തിനും തുടക്കമായത്. ഇന്റര്‍നെറ്റില്‍ പരതിയതോടെ നിരവധി മാതൃകകളും കിട്ടി. ബസ്റ്ററിന് ഏറ്റവും സുരക്ഷിതത്വം തോന്നിക്കുന്ന അന്തരീക്ഷം ഒരുക്കുകയായിരുന്നു ലക്ഷ്യം. നാലുദിവസത്തോളമെടുത്താണ് മുറിയുടെ പണി പൂര്‍ത്തിയാക്കിയത്. തന്റെ തീരുമാനം തെറ്റായിരുന്നില്ലെന്ന് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന അഭിനന്ദനങ്ങളില്‍ നിന്നു വ്യക്തമാകുന്നുണ്ടെന്ന് ഫാറെല്‍ പറയുന്നു.

- Advertisement -