ഇന്ത്യന്‍ കോച്ചാകാന്‍ മത്സരം; അപേക്ഷ നല്‍കിയത് 250 പേര്‍

0

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ കോച്ചാകാന്‍ അപേക്ഷ നല്കിയത് ഏകദേശം 250 പേര്‍. ഇതില്‍ ലോകകപ്പിലേക്ക് ടീമിനെ നയിച്ച വിഖ്യാത പരിശീലകര്‍ വരെയുണ്ട്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്നവര്‍ മതിയെന്നാണ് അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം. എഎഫ്‌സി കപ്പിനുശേഷം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവച്ചതോടെയാണ് പുതിയ കോച്ചിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.
അടുത്തുതന്നെ 250 പേരില്‍ നിന്ന് ചുരുക്കപ്പട്ടിക തയാറാക്കും. ബെംഗളൂരു എഫ്‌സിയുടെ പരിശീലകനായിരുന്ന ആല്‍ബര്‍ട്ട് റോക്കയ്ക്കാണ് അടുത്ത പരിശീലകനാകാന്‍ കൂടുതല്‍ സാധ്യത. ഇന്ത്യന്‍ സാഹചര്യങ്ങള്‍ നന്നായറിയുന്ന റോക്കയുടെ കാര്യത്തില്‍ ഫുട്‌ബോള്‍ ഫെഡറേഷനും താല്‍പ്പര്യമുണ്ട്. സുനില്‍ ഛേത്രി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കും റോക്കയോട് താല്പര്യമാണ്.
മുന്‍ കോച്ചിന് പ്രതിവര്‍ഷം രണ്ടു കോടിയോളം രൂപയാണ് പ്രതിഫലമായി നല്‍കിയിരുന്നത്. പുതിയ കോച്ചിന് മൂന്നു കോടിയോളം രൂപ വേണ്ടിവരുമെന്നാണ് ഫെഡറേഷന്റെ വിലയിരുത്തല്‍.

- Advertisement -