ഒരമ്മ എങ്ങനെയാകരുതെന്ന് എന്നെ പഠിപ്പിച്ചതിന് നന്ദി ; കണ്ണീരോടെ ചലച്ചിത്ര താരം സംഗീതയുടെ ട്വീറ്റ്

0

ദീപസ്തംഭം മഹാശ്ചര്യം എന്ന ചിത്രമുള്‍പ്പടെ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവര്‍ന്ന നടി സംഗീത ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഉള്ളുനൊന്തു പങ്കുവച്ച ഒരു ട്വീറ്റിന്റെ പേരിലാണ്. ഹൃദയവേദനയോടെ അമ്മയെക്കുറിച്ചുള്ള സത്യങ്ങളാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
ഒരമ്മ എങ്ങനെയൊക്കെയാകരുതെന്ന് തന്നെ പഠിപ്പിച്ചതിനു നന്ദി പറഞ്ഞുകൊണ്ട്

സംഗീതയെഴുതിയ കുറിപ്പിങ്ങനെ :

പ്രിയപ്പെട്ട അമ്മേ,

ഈ ഭൂമിയിലേക്ക് എന്നെ കൊണ്ടുവന്നതിനു നന്ദി. 13ാം വയസ്സില്‍ പഠിത്തം നിര്‍ത്തിച്ച് ജോലിക്കു വിട്ടതിന് നന്ദി. ഒരുപാടൊരുപാട് ബ്ലാങ്ക് ചെക്കുകളില്‍ ഒപ്പിടുവിച്ചതിന് നന്ദി. ഒരിയ്ക്കലും ഒരു ജോലിയും ചെയ്യാന്‍ തയാറാകാതിരുന്ന മദ്യപാനികളും, മയക്കു മരുന്നിനടിമകളുമായിരുന്ന നിങ്ങളുടെ ആണ്‍മക്കള്‍ക്കു വേണ്ടി എന്നെ ചൂഷണം ചെയ്തതിനു നന്ദി. നിങ്ങളുടെ തീരുമാനങ്ങളോട് യോജിക്കാതിരുന്നതുകൊണ്ടു മാത്രം വീടിന്റെ കോണിലേക്ക് എന്നെ ഒതുക്കിയതിന് നന്ദി. ഞാന്‍ എന്റെ സ്വന്തം വഴി കണ്ടെത്തുന്നതിന് മുന്‍പ് എന്നെ വിവാഹം കഴിപ്പിക്കാതിരുന്നതിന് നന്ദി.
വിവാഹശേഷവും എന്നെയും ഭര്‍ത്താവിനെയും പിന്തുടര്‍ന്ന് ശല്യം ചെയ്തതിനും ഞങ്ങളുടെ കുടുംബജീവിതത്തിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനും നന്ദി. ഒരമ്മ എങ്ങനെയാകരുതെന്ന് എന്നെ പഠിപ്പിച്ചതിന് നന്ദി. അതിനെല്ലാം ഒടുവില്‍ ഇപ്പോള്‍ ഉന്നയിച്ച വ്യാജ ആരോപണങ്ങള്‍ക്കും നന്ദി.
അറിഞ്ഞോ അറിയാതെയോ ഒരു പാവം പെണ്‍കുട്ടിയില്‍ നിന്ന് പക്വതയെത്തിയ, ജീവിതത്തെ ധൈര്യത്തോടെ സമീപിക്കുന്ന ഒരു സ്ത്രീയായി എന്നെ മാറ്റിയതിന് നിങ്ങളും കാരണമായിട്ടുണ്ട്. ഈ കാരണങ്ങളെല്ലാം കൊണ്ട് ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. എന്നെങ്കിലും ഒരിക്കല്‍ നിങ്ങളുടെ ഈഗോയില്‍ നിന്ന് നിങ്ങള്‍ പുറത്തു കടക്കും അന്ന് എന്നെയോര്‍ത്ത് നിങ്ങള്‍ അഭിമാനിക്കും.

സംഗീത ട്വിറ്ററില്‍ അമ്മയെക്കുറിച്ച് കുറിച്ചതിങ്ങനെ.

വാര്‍ധക്യത്തില്‍ തന്നെ വീട്ടില്‍ നിന്നു വീട്ടില്‍ നിന്നും പുറത്താക്കിയെന്നും സ്വത്തു തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് അമ്മ സംഗീതയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. സ്ത്രീകള്‍ക്കായുള്ള തമിഴ്‌നാട് സംസ്ഥാന സംഘത്തിലാണ് അവര്‍ പരാതി നല്‍കിയത്. ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ സംഗീതയെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിലെ സത്യാവസ്ഥയെക്കുറിച്ച് അധികൃതരെ ബോധ്യപ്പെടുത്തിയ ശേഷം ഭൂതകാലത്തിലെ ദുരനുഭവങ്ങളെക്കുറിച്ച് സംഗീത മനസ്സുതുറന്നത്.