കോടതി ഉത്തരവിട്ടാല്‍ നീരവ് മോദിയ ഇന്ത്യയ്ക്ക് കൈമാറും

0

കോടതി ഉത്തരവിടുകയാണെങ്കില്‍ നീരവ് മോദിയെ യുകെ ഇന്ത്യയ്ക്കു കൈമാറും. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്‌സിയും. കഴിഞ്ഞ വര്‍ഷം ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു. ഇതിനുശേഷമാണു കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്.
ലണ്ടനിലെ തെരുവിലൂടെ നീരവ് മോദി സ്വതന്ത്രനായി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒട്ടകപക്ഷിയുടെ തോല്‍ കൊണ്ടു നിര്‍മിച്ച ജാക്കറ്റ് ധരിച്ച് ലണ്ടനിലെ വീഥിയിലൂടെ നടക്കുന്ന നീരവ് മോദിയുടെ ദൃശ്യങ്ങള്‍ ‘ടെലഗ്രാഫ്’ ആണ് പുറത്ത് വിട്ടത്. ആഡംബര പാര്‍പ്പിട സമുച്ചയമായ സെന്റര്‍ പോയിന്റ് ടവറില്‍ വിശാലമായ അപാര്‍ട്ട്‌മെന്റും, സോഹോയില്‍ പുതിയ വജ്രാഭരണശാലയും നീരവ് മോദിക്കുണ്ടെന്നുമാണ് ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രിട്ടനില്‍ ജോലി ചെയ്യാനും, ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്താനും ആവശ്യമായ നാഷനല്‍ ഇന്‍ഷുറന്‍സ് നമ്പറും നീരവ് മോദിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു.


നീരവ് മോദി, മെഹുല്‍ ചോക്‌സി


പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നിന്ന് 13,600 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ കേസിലാണ് ഇഡിയും സിബിഐയും നീരവ് മോദിക്കും, അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കുമെതിരെ കേസെടുത്തിട്ടുള്ളത്. മോദിയുടെ 1,873.08 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. നീരവ് മോദിയുടെയും ബന്ധുക്കളുടെയും പേരിലുള്ള 489.75 കോടി രൂപയുടെ മറ്റു സ്വത്തുക്കളും പിടിച്ചെടുത്തു. കൊങ്കണ്‍ മേഖലയിലെ അലിബാഗില്‍ തീരനിര്‍മാണ ചട്ടം ലംഘിച്ചു പണിത മോദിയുടെ ബംഗ്ലാവ് അടുത്തിടെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തിരുന്നു.

- Advertisement -