ഗ്രാമീണ മേഖലയില്‍ പിടി മുറുക്കി ജിയോ

0

മുംബൈ: രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഉപഭോക്തൃ അടിത്തറ ശക്തിപ്പെടുത്തി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. 2018 സെപ്റ്റംബര്‍ പാദം വരെയുള്ള കണക്കുകള്‍ പ്രകാരം ഗ്രാമീണ വരിക്കാരുടെ എണ്ണം കമ്പനിയുടെ ആകെ വരിക്കാരുടെ 32 ശതമാനമായി വര്‍ധിച്ചു. രണ്ട് വര്‍ഷം മുന്‍പ്, വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങള്‍ ആരംഭിച്ച സമയത്തെ 4.25 ശതമാനത്തില്‍ നിന്നാണ് ഈ കുതിപ്പ്. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളുടെ എണ്ണം 2016 സെപ്റ്റംബറിലെ 4.25 ശതമാനത്തില്‍ നിന്നും 2017 ഡിസംബറോടെ 25.66 ശതമാനമായി വര്‍ധിച്ചിരുന്നു. 2018 സെപ്റ്റംബറില്‍ ഇത് 32.04 ശതമാനത്തിലേക്ക് ഉയര്‍ന്നു.

1,500 രൂപ മാത്രം വിലയില്‍ അവതരിപ്പിച്ച ജിയോഫോണാണ് ഗ്രാമങ്ങളില്‍ ജിയോയെ സജീവമാക്കിയിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. നെറ്റ്‌വര്‍ക്ക് ശക്തമാക്കുന്നതിന് ഊന്നല്‍ കൊടുത്തുള്ള പ്രവര്‍ത്തനങ്ങളിലൂടെ ജനസംഖ്യയുടെ 90 ശതമാനം ആളുകളുടെ ഇടയിലേക്കും ജിയോ സാന്നിധ്യം വ്യാപിപ്പിച്ചിട്ടുണ്ട്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കുകള്‍ പ്രകാരം 2018 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ വോഡഫോണ്‍ ഐഡിയയ്ക്കാണ് ഗ്രാമീണ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത്. കമ്പനിയുടെ 59 ശതമാനം വരിക്കാരും ഗ്രാമീണരാണ്. 49.30 ശതമാനം ഗ്രാമീണ വരിക്കാരുള്ള എയര്‍ടെല്‍ രണ്ടാമതുണ്ട്. 31.11 ശതമാനം ഗ്രാമീണ വരിക്കാരാണ് ബിഎസ്എന്‍എല്ലിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നത്.

- Advertisement -