ജിം ക്യാരി ചിരിപ്പിച്ച് ജീവിതം കീഴടക്കിയ പോരാളി

0

1962 ജനുവരി 7 ന് നാലു സഹോദരങ്ങളില്‍ ഇളയവനായി ആയിരുന്നു കാനഡയിലെ ഒന്റേറിയോവില്‍ ജിം ക്യാരിയുടെ ജനനം. സംഗീതജ്ഞനായിരുന്ന പിതാവ് പേഴ്‌സിക്യാരിയുടെ പരിമിതമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. സ്‌കൂള്‍ പഠനകാലത്ത് അപകര്‍ഷതാ ബോധവും പഠനവൈകല്യവും നേരിട്ട ജിം മറ്റു വിദ്യാര്‍ഥികളില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍കുന്ന പ്രകൃതക്കാരനായിരുന്നു. തന്റെ കുടുംബത്തിലെ ദാരിദ്ര്യാവസ്ഥ മറ്റാരും അറിയരുത് എന്ന താല്‍പര്യമാണ് ജിം നെ അന്തര്‍മുഖനാക്കിയത്.
പിതാവിന് തൊഴിലില്ലാതായപ്പോള്‍ പഠനത്തോടൊപ്പം രാത്രി കാലത്ത് തൊട്ടടുത്ത ഫാക്ടറികളില്‍ ജിം ശുചീകരണ ജോലിക്കുപോയിത്തുടങ്ങി. ടോയ്‌ലറ്റ് വൃത്തിയാക്കലായിരുന്നു പ്രധാന ജോലി.
ചെറുപ്പം മുതല്‍ അനുകരണകലയില്‍ പ്രത്യേക വൈഭവം ഉണ്ടായിരുന്ന ജിം നൂറിലേറെ പക്ഷിമൃഗാദികളുടെയും വ്യക്തികളുടെയും ഭാവങ്ങളും ശബ്ദവും അനുകരിക്കുമായിരുന്നു. പിതാവ് മകനെ വേണ്ടുവോളം പ്രോത്സാഹിപ്പിച്ചു. അത് വ്യത്യസ്തമായ മുഖ ചേഷ്ടകളിലൂടെ ഹാസ്യത്തിന്റെ പുതിയൊരു മേഖലയിലേക്ക് ചുവടുറപ്പിക്കാന്‍ ജിം ക്യാരിയെ സഹായിച്ചു. അങ്ങനെ പതിനാറാമത്തെ വയസ്സില്‍ കോമഡി ഷോകളിലൂടെ അദ്ദേഹം ശ്രദ്ധേയനായിത്തുടങ്ങി.സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് ഒരു കോമഡി ഷോ സംഘത്തോടൊപ്പം അമേരിക്കയിലെത്തിയ ജിം ക്യാരി 1990 വരെ സ്റ്റേജ് ഷോകളില്‍ സജീവമായി. 1990 ല്‍ തന്റെ ആഗ്രഹങ്ങളെ മനസ്സില്‍ ഊട്ടി ഉറപ്പിച്ചു. 1995 ആകുമ്പോള്‍ ഹോളിവുഡിലെ ഏറ്റവും തിരക്കുള്ള കോമഡി നടനാവണം. അതിനായി ദിവസേന കഠിന പരിശീലനങ്ങള്‍ നടത്തി.


1995 ല്‍ തനിക്ക് ലഭിക്കാന്‍ പോകുന്ന പ്രതിഫല തുക 10 മില്യണ്‍ ഡോളറാവണം എന്നുറപ്പിച്ചു. തന്റെ പരില്‍ 10 മില്യണ്‍ ഡോളറിന്റെ ഒരു ചെക്കെഴുതി അന്നു മുതല്‍ തന്റെ പേഴ്‌സില്‍ സൂക്ഷിച്ചു. നിശ്ചയിച്ച സമയത്തിന് ഒരു വര്‍ഷം മുന്‍പു തന്നെ ജിം ക്യാരിയുടെ പ്രതിഫലം 10 മില്യണ്‍ ഡോളറായി. 1994 ല്‍ പുറത്തിറങ്ങിയ ഏസ് വെഞ്ചുറ, ദി മാസ്‌ക്, ഡംബ് ആന്‍ഡ് ഡംബര്‍ എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തെ എക്കാലത്തെയും മികച്ച കോമഡി താരങ്ങളില്‍ ഒരാളാക്കി മാറ്റി.
താന്‍ ലക്ഷ്യമിട്ട 1995 ല്‍ ‘ദി കേബിള്‍ ഗൈ’ എന്ന ചിത്രത്തിന് പ്രതിഫലം വാങ്ങിയതാവട്ടെ 20 മില്യണ്‍ ഡോളറും. വളരാന്‍ തനിക്ക് പ്രോല്‍സാഹനമായിരുന്ന പിതാവ് 1994 ല്‍ മരിച്ചപ്പോള്‍ തന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 10 മില്യണ്‍ ഡോളറിന്റെ ചെക്ക് മൃതദേഹത്തില്‍ സമര്‍പ്പിച്ചു. തന്റെ ലക്ഷ്യം നേടിയെടുത്തു എന്ന ആത്മനിര്‍വൃതിയോടെ.


കോമഡി ഷോകളിലൂടെയും ചെറുകിട ടെലിവിഷന്‍ പരിപാടികളിലൂടെയും കലാരംഗത്ത് സജീവമായിരുന്ന ജിം ക്യാരി തന്റെ ആഗ്രഹങ്ങളെ എല്ലാം ലക്ഷ്യങ്ങളാക്കി വിജയപഥത്തിലെത്തിയ വ്യക്തിയാണ്. തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടെ നിരവധി വെല്ലുവിളികളെയും പ്രതിസന്ധികളെയുമാണ് ജിം ക്യാരി അതിജിവിച്ചത്. കടുത്ത ദാരിദ്ര്യം, അപകര്‍ഷതാ ബോധം, പഠന വൈകല്യം, വിഷാദരോഗം, മാതാപിതാക്കളുടെ രോഗവും മരണവും എന്നിങ്ങനെ പലതും. എന്നാല്‍, തന്റെ കഴിവിലുണ്ടായിരുന്ന പൂര്‍ണവിശ്വാസവും കഠിനപ്രയത്‌നം ചെയ്യാനുള്ള മനോഭാവവുമാണ് ഏതൊരു പ്രശ്‌നങ്ങളെയും അതിജീവിച്ച് വിജയത്തിലെത്താന്‍ ജിം ക്യാരിയെ പ്രാപ്തനാക്കിയതെന്ന് ഹോളിവുഡ് താരവും അദ്ദേഹത്തിന്റെ ആത്മമിത്രവുമായ നിക്കോളാസ് കേജ് വെളിപ്പെടുത്തുന്നു.

- Advertisement -