നാടിന്റെ പേരുദോഷം മാറ്റിയ മിടുക്കി

0


ദന്തേവാഡ മാവോയിസ്റ്റ് ആക്രമണങ്ങള്‍ കൊണ്ട് ഭീതിതമായ നാട്. നാടിന്റെ പേരുദോഷം മാറ്റാനായി ഒരു മിടുക്കി തുനിഞ്ഞിറങ്ങി. അവളുടെ പേരാണ് നമൃത ജയിന്‍. ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 12 ാം റാങ്ക് നേടിയാണ് ഈ മിടുക്കി ദന്തേവാഡ ജില്ലയുടെ അഭിമാനമായത്.
ഇതാദ്യമായല്ല നമൃത സിവില്‍ സര്‍വീസ് പരീക്ഷ കീഴടക്കുന്നത്. 2016ലെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് 99ാം റാങ്ക് നേടിയ നമൃത ഇന്ത്യന്‍ പോലീസ് സര്‍വീസിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ പരിശീലനം നടത്തവേയാണു നമൃതയെ തേടി സിവില്‍ സര്‍വീസ് വിജയത്തിന്റെ വാര്‍ത്ത വീണ്ടുമെത്തിയിരിക്കുന്നത്.
ദന്തേവാഡയില്‍ സ്ഥിരം അരങ്ങേറുന്ന മാവോയിസ്റ്റ് ആക്രമങ്ങളും പോലീസു വേട്ടയും കണ്ടു വളര്‍ന്ന നമൃത ഇതിനെല്ലാം ഒരു മാറ്റം വരുത്തണമെന്ന ദൃഢനിശ്ചയത്തോടെയാണ് ഐഎഎസിലേക്ക് എത്തുന്നത്. ഒരു കലക്ടറായി തന്റെ നാടിന്റെ മുഖച്ഛായ മാറ്റുകയാണു നമൃതയുടെ ലക്ഷ്യം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ സന്ദര്‍ശിച്ച ജില്ലാ കലക്ടറാണ് ഐഎഎസ് നേടാനുള്ള നമൃതയുടെ പ്രചോദനം.
പ്രദേശത്തു വികസനമെത്തിച്ചാല്‍ മാവോയിസത്തിനു തടയിടാന്‍ സാധിക്കുമെന്നാണു നമൃതയുടെ പക്ഷം. ജനങ്ങള്‍ക്കു വിദ്യാഭ്യാസം പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ഈയവസ്ഥയ്ക്കു മാറ്റമുണ്ടാകണമെന്നും നമൃത ആഗ്രഹിക്കുന്നു.

- Advertisement -