പറഞ്ഞു നടക്കാം കുരുന്നുകള്‍ക്കൊപ്പം;കുഞ്ഞുങ്ങളുടെ പദസമ്പത്ത് വികസിപ്പിക്കാന്‍ വഴികളിതാ

0


നടക്കാന്‍ തുടങ്ങിയാല്‍ പിന്നെ കുഞ്ഞുങ്ങള്‍ക്ക് വാക്കുകള്‍ എളുപ്പത്തില്‍ പഠിക്കാനാകും. വികസിക്കാന്‍ തുടങ്ങിയ അവരുടെ തലച്ചോറിനു, ചുറ്റുമുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ ഗ്രഹിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് ഈ സമയത്ത് ശരിയായ വാക്കുകളും ഉച്ചാരണവും പറഞ്ഞുകൊടുത്ത് കുഞ്ഞുങ്ങളുടെ പദസമ്പത്ത് വികസിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചില്ലെങ്കില്‍ കുഞ്ഞുങ്ങളുടെ ആ കഴിവ് മുരടിച്ചു പോകും.

കുഞ്ഞുങ്ങളുടെ പദസമ്പത്ത് വികസിപ്പിക്കാന്‍

1.കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം മേശയില്‍ ഇരുത്തി കൊടുക്കുന്ന സമയത്തോ, എടുത്തു കൊണ്ട് നടന്നു കൊടുക്കുന്ന സമയത്തോ ചുറ്റും കാണുന്ന കാര്യങ്ങളെ പേര് പറഞ്ഞു ചൂണ്ടി കാണിക്കുക. സ്പൂണ്‍, കപ്പ്, പാത്രം തുടങ്ങിയ വാക്കുകള്‍ ആവര്‍ത്തിച്ചു പറഞ്ഞു പരിച്ചയപ്പെടുത്തുക. കൊടുക്കുന്ന ഭക്ഷണ സാധനത്തിന്റെ പേര് പറഞ്ഞു കൊടുക്കുക. ആവര്‍ത്തിച്ചു കേള്‍ക്കുന്ന ആ വാക്കുകള്‍ ആയിരിക്കും അവര്‍ ആദ്യ ഘട്ടത്തില്‍ പറഞ്ഞു തുടങ്ങുന്നത്.


2.കുഞ്ഞുങ്ങള്‍ വ്യത്യസ്ത ശബ്ദങ്ങള്‍ ഉണ്ടാക്കുന്നത് അവരുടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നു ശ്രദ്ധിച്ചാല്‍ മനസിലാകും. അവര്‍ എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോള്‍ അത് ശ്രദ്ധിക്കുക. കുഞ്ഞുങ്ങള്‍ വളരുന്തോറും അവരോട് ശരിയായ ഉച്ചാരണത്തില്‍ വാക്കുകള്‍ പറയുക. അവ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുമ്പോള്‍ പിന്നീട് കുഞ്ഞുങ്ങള്‍ക്ക് ആ വാക്കുകള്‍ ശരിയായി പറയാനാകും. കുഞ്ഞുങ്ങളോട് കണ്ണില്‍ നോക്കി സംസാരിക്കുമ്പോള്‍ അവര്‍ക്ക് നിങ്ങളോടുള്ള അടുപ്പം കൂടും.

3,പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനായാല്‍ കുഞ്ഞുങ്ങളെ ഉറക്കാന്‍ കിടത്തുമ്പോള്‍ കഥകള്‍ പറഞ്ഞു കൊടുക്കാം. വലിയ ചിത്രങ്ങളുള്ള പുസ്തകങ്ങളില്‍ ഓരോന്നും കാണിച്ചു കൊടുത്ത് മൃഗങ്ങളേയും പക്ഷികളേയുമൊക്കെ പരിചയപ്പെടുത്താം. കഥ പറയുമ്പോള്‍ ആ ഭാവങ്ങള്‍ കൂടി നിങ്ങളുടെ മുഖത്തു വരുത്തണം. കാക്ക കരഞ്ഞു എന്ന് പറയുമ്പോള്‍ ക്രാ ക്രാ എന്നും സിംഹം ഗര്‍ജ്ജിച്ചു എന്ന് പറയുന്നതോടൊപ്പം ഗര്‍ര്‍ര്‍ എന്നുമൊക്കെയുള്ള ശബ്ദങ്ങള്‍ കേള്‍പ്പിക്കുക. അപ്പോള്‍ കുട്ടികള്‍ക്ക് കഥ കേള്‍ക്കാന്‍ താല്പര്യം കൂടുകയും അവര്‍ ആ ശബ്ദങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. മുതിര്‍ന്നു കഴിയുമ്പോള്‍ സ്വയം കഥ വായിക്കാന്‍ അവര്‍ക്കിത് പ്രചോദനമാവുകയും ചെയ്യും.


4.കുഞ്ഞുങ്ങളുടെ ഏറ്റവും നല്ല സമയം കളിസമയമാണ്. അവരോടൊത്ത് കളിക്കുമ്പോള്‍ കളിപ്പാട്ടങ്ങളുടെ പേര് പറഞ്ഞു കൊടുക്കുക. മുതിര്‍ന്ന കുട്ടികളോടൊത്തു കളിക്കുമ്പോഴാണ് കുഞ്ഞുങ്ങള്‍ക്ക് എളുപ്പത്തില്‍ പുതിയ വാക്കുകള്‍ പഠിക്കാനാകുന്നത്.


5.കൊഞ്ചിക്കൊണ്ടുള്ള പറച്ചില്‍ കുഞ്ഞുങ്ങള്‍ക്കുള്ളതാണ്. അത് കേള്‍ക്കാനും രസമാണ്. കുഞ്ഞുങ്ങളോട് മുതിര്‍ന്നവര്‍ കൊഞ്ചിപ്പറഞ്ഞാല്‍ അവര്‍ അതുതന്നെയേ ആവര്‍ത്തിക്കുകയുള്ളൂ. അതേസമയം നിങ്ങള്‍ ശരിയായ വാക്കുകളും ഉച്ചാരണവും പറഞ്ഞു കൊടുത്താല്‍ കുഞ്ഞുങ്ങള്‍ക്ക് വേഗത്തില്‍ ആ വാക്കുകള്‍ പഠിക്കാനാകും.

6.പുതിയ കാര്യങ്ങളെ കാണാനും കേള്‍ക്കാനും കുഞ്ഞുങ്ങള്‍ക്ക് നല്ല കൗതുകമാണ്. യാത്രയിലും മറ്റും ഓരോന്നു ചൂണ്ടികാണിച്ചു അവര്‍ക്ക് പേര് പറഞ്ഞു കൊടുക്കുക. കുഞ്ഞുങ്ങളുടെ പ്രായമനുസരിച്ച് ചെറു വിശദീകരണവും ആകാം. അപ്പോള്‍ കുഞ്ഞുങ്ങള്‍ നിങ്ങളോടും ഓരോന്ന് ചോദിച്ചു തുടങ്ങും.


7.കുട്ടികള്‍ ഓരോന്നും എടുക്കുമ്പോള്‍ അത് നല്ലതാണ് ചീത്തയാണ് എന്ന് പറയുന്നതോടൊപ്പം ആ ഭാവങ്ങള്‍ കൂടി മുഖത്തു വരുത്തിയാല്‍ നിങ്ങള്‍ പറയുന്ന വാക്കിന്റെ ഉദ്ദേശം കുഞ്ഞുങ്ങള്‍ക്ക് വേഗത്തില്‍ മനസ്സിലാകും.


8.വര്‍ത്തമാനം പറഞ്ഞു തുടങ്ങിയ കുട്ടികളോട് ദിവസവും ഓരോ സാധനങ്ങളുടെ വാക്കുകള്‍ പഠിപ്പിക്കുന്നതോടൊപ്പം തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവയുടെ പേര് പറയാന്‍ ഓര്‍മിപ്പിക്കുകയും ആവര്‍ത്തിച്ചു പറഞ്ഞു കൊടുക്കുകയും ചെയ്യുക.

- Advertisement -