പിളര്‍പ്പോ, ലയനമോ, ബജറ്റോ,കോഴയോ എന്ത് ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്താലും’റബ്ബര്‍’എന്നു പറഞ്ഞ് വാര്‍ത്താ സമ്മേളനം തുടങ്ങുന്ന മാണി സാര്‍…മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാകുന്നു

0

കേരള രാഷ്ട്രീയത്തിലെ പ്രമാണി കെ.എം മാണി വിടവാങ്ങിയിട്ടും കേരളം ഇപ്പോഴും മാണി സാറിന്റെ ഓര്‍മയില്‍ തന്നെയാണ്. മാണി സാറിനെ അടുത്തറിഞ്ഞവര്‍ക്കും അകലെ നിന്ന് കണ്ടവര്‍ക്കും ഓര്‍ത്തെടുക്കാനും പങ്കുവെക്കാനും ഓര്‍മകള്‍ ഒരുപാടുണ്ട്. മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ഭാവയാമി എന്ന തന്റെ ഫേസ്ബുക്ക് പേജില്‍ മാണിസാറിനെകുറിച്ച് കുറിച്ച് വരികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ തരംഗമാകുന്നത്.ഉചിതമായ സമയത്ത് യുക്തമായ തീരുമാനം എന്നു പറയാനായി മാണി സാര്‍ എന്നെ മൂന്ന് കൊല്ലത്തിനിടയില്‍ 100 പ്രാവശ്യം കോട്ടയം പാലാ റൂട്ടില്‍ ഓടിച്ചിട്ടുണ്ട് എന്നു തുടങ്ങുന്ന കുറിപ്പില്‍ കെ.എം മാണി എന്ന രാഷ്ട്രയതന്ത്രജ്ഞനില്‍ വിമര്‍ശകര്‍പോലും തിരിച്ചറിയേണ്ട കര്‍മകുശലതയെക്കുറിച്ചാണ് ശ്രീജിത്ത് പങ്കുവെയ്ക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

ഉചിതമായ സമയത്ത്
യുക്തമായ തീരുമാനം
എന്നു പറയാനായി മാണി സാര്‍
എന്നെ മൂന്ന് കൊല്ലത്തിനിടയില്‍
100 പ്രാവശ്യം കോട്ടയം പാലാ റൂട്ടില്‍ ഓടിച്ചിട്ടുണ്ട്.

കോട്ടയം പാല 28 km
കൈയ്യെത്തും ദൂരം എന്നാണ്
പലരുടേയും വിചാരം.

ആ പാച്ചിലിനിടയില്‍
എന്റെ ജീവന്‍ രക്ഷിച്ചതില്‍
ഡ്രൈവര്‍മാരുടെ പങ്ക് നിസ്തുലമാണ്.
മാണിസാറിന്റെ വിയോഗ വേളയില്‍ ഞാനവരെ നന്ദിയോടെ സ്മരിക്കുന്നു.

ശക്തമായ കേന്ദ്രവും
സംതൃപ്തമായ സംസ്ഥാനങ്ങളും
എന്ന ഫെഡറലിസം തത്ത്വം പറഞ്ഞ്
പല ചോദ്യങ്ങളുടെ മുന അങ്ങോര്‍
ചുമ്മാ ഒടിച്ചു.

കേരളത്തിലെ പ്രാദേശിക രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്‍ ആയിരുന്നല്ലോ

ഇടയ്ക്ക് കയറി ചോദിക്കുമ്പോള്‍
പ്ലീസ്…പ്ലീസ്… കോര്‍ണര്‍ ചെയ്യരുത്
ഇത് കോടതിയല്ല എന്ന് ഓര്‍മ്മിപ്പിച്ചു.

ഒരു നൂറ് പുഷ്പങ്ങള്‍ വിരിയട്ടെ
എന്നു പറഞ്ഞ് വിവാദമായത്
പലതും ചോദിക്കുമ്പോള്‍
ഒഴിഞ്ഞുമാറിയ മാണി സാര്‍.

പറയാന്‍ ഉദ്ദേശിച്ചതില്‍ നിന്ന് ഒരു വാക്ക്
വിട്ടു പറയാത്ത വാര്‍ത്താ സമ്മേളനങ്ങള്‍.

കൃത്യമായ പ്രസ് റിലീസുകള്‍.

ഇങ്ങേരെ പ്രകോപിപ്പിച്ചിട്ട് കാര്യമില്ല
പഠിച്ച കള്ളനാണന്ന് സര്‍ട്ടിഫിക്കറ്റ്
നല്‍കിയ വൈകുന്നേരങ്ങള്‍.

രാവിലെ മുതല്‍ പോസ്റ്റാക്കി
രാത്രി വൈകി വരെ നിര്‍ത്തി
പാര്‍ട്ടി മുഖമാസികയായ
പ്രതിച്ഛായയുടെ കോപ്പി കൂട്ടുന്ന കാര്യമാണ് ചര്‍ച്ച ചെയ്തതെന്ന് വളരെ ഗൗരവത്തോടെ പറയുന്ന മാണി സാര്‍.

പിളര്‍പ്പോ. ലയനമോ, ബജറ്റോ,കോഴയോ
എന്ത് ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്താലും
‘റബ്ബര്‍’എന്നു പറഞ്ഞ് വാര്‍ത്താ സമ്മേളനം തുടങ്ങുന്ന മാണി സാര്‍.

എന്ത് ഭിന്നത? പി.ജെയെ കൂടിരുത്തി
റിപ്പോര്‍ട്ടര്‍മാരെ വെല്ലുവിളിക്കുന്ന
മാണിസാര്‍.

അവസാനം അവസാനം ഞാനൊന്നും ചോദിക്കാതയായി.
ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം
കാണാപാഠമായി.

വാര്‍ത്ത സമ്മേളനങ്ങളില്‍ നടത്തുന്ന
വൈഭവം ആസ്വദിച്ചു നോക്കി നിന്നു.

മടുപ്പില്ലാതെ പാലാ
കെഎം മാണിയെ
തിരഞ്ഞെടുത്തു കൊണ്ടേയിരുന്നു.

പലരും ചോദിക്കുന്നുണ്ട് എന്താണ് ഇയാളെക്കുറിച്ച് ഇത്ര പറയാന്‍?

അഴിമതിക്കാരന്‍ ആയിരുന്നില്ലേ?

കള്ളത്തരം കാണിച്ചില്ല?

സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി പൊതുതാല്‍പര്യം ബലികൊടുത്തില്ലെ?

ഓരോ തിരഞ്ഞെടുപ്പിലും
ജനപ്രതിനിധികള്‍ മണ്ഡലം വിട്ട് ഓടുന്ന
ഈ കാലഘട്ടത്തില്‍ ആണെന്ന് ഓര്‍ക്കണം.

ഇന്നുവരെ കെ.എം.മാണി എന്ന വ്യക്തിയെ
നേരിട്ടു കാണാതെ മാധ്യമങ്ങളിലൂടെ വായിച്ചും അറിഞ്ഞും അഭിപ്രായ രൂപികരണം നടത്തിയ
നിരവധി പ്രതികരണങ്ങള്‍ കണ്ടു.

എന്നാല്‍ കെഎം മാണിയെ അടുത്ത കണ്ട ഒരാള്‍ക്കും തള്ളി പറയാന്‍ തോന്നുന്നില്ല
എന്നതാണ് വാസ്തവം.

ഈ ഘട്ടത്തില്‍ എന്നല്ല ഒരു ഘട്ടത്തിലും ആരും കെഎം മാണിയെ തള്ളിപ്പറഞ്ഞിട്ടില്ല.
ഇങ്ങനെ എല്ലാ മുന്നണികളും ഒരുപോലെ കൊഞ്ചിച്ച ഒരു നേതാവിനെ ഞാനിതുവരെ കണ്ടിട്ടില്ല

മധ്യതിരുവിതാംകൂര്‍ സംസ്‌കാരത്തിനു
വേണ്ടി ഈ സമൂഹം രൂപപ്പെടുത്തിയ
നേതാവാണ് കെഎം മാണി.

ആരോ അദ്ദേഹത്തെ ആ
ചുമതലയേല്‍പ്പിച്ചു.
അയാള്‍ അത് വൃത്തിയായി ചെയ്തു

കെ.എം മാണി, മാണി സാറായി
ജീവിച്ചത് കെ.എം മാണിയുടെ കുറ്റമല്ല.

അത് ഈ ചുറ്റുവട്ടത്തിന്റെ
ആവശ്യമായിരുന്നു.

കെ എം മാണിക്ക്
അവര്‍ വെള്ളമൊഴിച്ച്
മാണി സാറാക്കി.

പുഷ്പ്പിച്ചപ്പോള്‍ ഉല്ലസിച്ചു.
കായ്ച്ചപ്പോള്‍ ആഘോഷിച്ചു
വാടിയപ്പോള്‍ അകന്നുനിന്നു.
തളിരിട്ടപ്പോള്‍ വീണ്ടും അടുത്തുവന്നു

ഒറ്റ നോട്ടത്തില്‍
മാണി എന്ന വ്യക്തിയുമായി ബന്ധപ്പെട്ടവരൊക്കെ
സന്തുഷ്ടരായിരുന്നു
അദ്ദേഹത്തിന്റെ പാര്‍ട്ടി
അതിന്റെ അണികള്‍,
അദ്ദേഹത്തിന്റെ മണ്ഡലം.
അദ്ദേഹത്തിന്റെ മുന്നണി
അദ്ദേഹത്തിന്റെ വകുപ്പ്
അദ്ദേഹത്തിന്റെ മക്കള്‍
അദ്ദേഹത്തിന്റെ മതം,സമുദായം.
അദ്ദേഹത്തിന്റെ ഭാര്യ.

എന്തിന് പ്രതിപക്ഷം പോലും.

പിന്നെ ആരില്‍ നിന്ന് സാമ്പിളുകള്‍
ശേഖരിച്ചാണ് നിങ്ങള്‍ ഈ ഘട്ടത്തില്‍ വിചാരണ ചെയ്യുന്നത്.

കെ.എം. മാണി മറുപടി പറയില്ല
എന്ന് ഉറപ്പുള്ള ഈ ഘട്ടത്തില്‍.

വെറും ഭീരുത്വമാണത്.

സ്വന്തം മക്കളെ കൊണ്ടുപോലും
ഒരു നല്ല വാക്ക് പറയിപ്പിക്കുക
എന്നത് ഇക്കാലത്ത്
എത്ര ദുഷ്‌കരമാണ്.

ആ ഒരൊറ്റ കാര്യം മതി
കെ.എം.മാണിയെ എന്ന വ്യക്തിയെ
ഒരു വിജയിയായി
എനിക്ക് അടയാളപ്പെടുത്താന്‍.

കെഎം മാണി ആരോപണത്തില്‍
കുരുങ്ങി രാജി വെച്ച് പാലയില്‍
തിരിച്ചു വന്ന രാത്രി ഞാനോര്‍ക്കുന്നു.

അതുപോലൊരു ആഘോഷ രാവ്
ഞാന്‍ കോട്ടയത്ത് കണ്ടിട്ടില്ല.

അങ്ങേരോട് നിങ്ങള്‍ ഇപ്പോള്‍ കാട്ടുന്നത്
നിങ്ങള്‍ മണ്ടനാക്കപ്പെട്ട ചൊരുക്ക്
മാത്രമാണ്.

അയാള്‍ ജീവിച്ചു.
അയാള്‍ ആഘോഷിച്ചു.
അയാള്‍ തിരിച്ചുപോയി.

- Advertisement -