പുല്ലുകൊണ്ടൊരു ഷൂ

0

ഫാഷന്‍ ലോകത്തും സോഷ്യല്‍ മീഡിയയിലും വമ്പന്‍ ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും വഴി തെളിയിച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം ‘പുല്ല്’.സംഭവമെന്താണെന്നല്ലെ? സ്‌പോര്‍ട്‌സ് ഷൂ ബ്രാന്‍ഡുകളിലെ അതികായന്മാരായ നൈക്കി കൃത്രിമ പുല്ലുകള്‍ ഉപയോഗിച്ചു സ്‌പോര്‍ട്‌സ് ഷൂ പുറത്തിറക്കാന്‍ തീരുമാനിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
നൈക്കി ഷൂസുകളിലെ ഏറെ പ്രിയമാര്‍ന്ന ഏയര്‍ മാക്‌സ് ട്രെയിനര്‍ വിഭാഗത്തില്‍പ്പെട്ട ‘പുല്ല് ഷൂസുകളുടെ’ ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. ഗോള്‍ഫ് കോഴ്‌സുകള്‍ക്ക് അനുയോജ്യമാകും വിധമാണ് ഷൂസുകളുടെ രൂപകല്‍പ്പനയെന്നു പറയപ്പെടുമ്പോഴും പുല്ലു മൂടിയ ഷൂസുകളുടെ ഡിസൈന്‍ മികവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഷൂസിന്റെ അപ്പറില്‍ മാത്രമാണ് പുല്ലുകളുടെ ഡിസൈനെന്നാണ് ചിത്രങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. കടുംപച്ച ഷൂ ലെയ്‌സും വെള്ള നൈക്കി ലോഗോയും ഷൂസിനെ മറ്റുള്ള ഡിസൈനുകളില്‍ നിന്നു വ്യത്യസ്തമാക്കുന്നു. സോള്‍ പതിവ് ഗം റബര്‍ മെറ്റീരിയലാണെന്നു വിശ്വസിക്കുമ്പോഴും ഇനിയും അത്ഭുതങ്ങള്‍ മറഞ്ഞിരിപ്പുണ്ടെന്ന വിശ്വാസത്തിലാണ് ആരാധകര്‍.
എന്നാല്‍ പുത്തന്‍ ഷൂസിനെ ട്രോളുന്നവരും കുറവല്ല. ഷൂസിനെ ചുറ്റിപ്പറ്റി വിവിധ മീമീകളും ഗിഫുകളും അരങ്ങ് തകര്‍ക്കുന്നുണ്ട്. എന്നു വിപണിയിലെത്തും, വില എത്രയാവുമെന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെങ്കിലും ഇവ വിപണയില്‍ വിജയകീരിടം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് നൈക്കി ആരാധകര്‍.

- Advertisement -