പ്രിയ നേതാവിന് നാടിന്ന് വിട ചൊല്ലും; മൃതദേഹം പാലയിലെത്തിച്ചു

0


കോട്ടയം നഗരത്തോട് വിടപറയാന്‍ നിശ്ചലനായി കെ.എം മാണി എത്തി. രാത്രി ഏറെ വൈകിയാണ് കോട്ടയത്തേക്ക് കെ.എം മാണിയുടെ ഭൗതീക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എത്തിയത്. വഴിയോരങ്ങളില്‍ കാത്തു നിന്ന മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കെ.എം മാണിയെ സ്‌നേഹിക്കുന്നവര്‍ക്കും അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണാനുള്ള സൗകര്യം ഒരുക്കിയായിരുന്നു കൊച്ചിയില്‍ നിന്നും കോട്ടയത്തേക്കുള്ള വിലാപയാത്ര. ആയിരകണക്കിന് ജനങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാത്രി ഏറെ വൈകിയിട്ടും വഴിയോരങ്ങളില്‍ കാത്തു നിന്നത്. രാവിലെ 10. 30 കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ നിന്നും ആരംഭിച്ച വിലാപയാത്ര അര്‍ദ്ധരാത്രി 12 മണിയോടെയാണ് കോട്ടയത്ത് എത്തിയത്.വയസ്‌കരക്കുന്നിലെ പാര്‍ട്ടി ഓഫീസിലും തിരുന്നക്കര മൈതാനിയിലും രാത്രി അദ്ദേഹത്തിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചു.വിവിധ കക്ഷികളിലും മുന്നണികളിലുംപെട്ട എംഎല്‍എമാരും നൂറ് കണക്കിന് ജനങ്ങളും കെഎം മാണിയെ യാത്രയാക്കാന്‍ ഇവിടങ്ങളില്‍ കാത്തുനിന്നിരുന്നു. ഉമ്മന്‍ചാണ്ടി, വിഎം സുധീരന്‍, തെന്നല ബാലകൃഷ്ണപിള്ള, എം വിജയകുമാര്‍ വിവിധ കേരള കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ തിരുനക്കരയില്‍ കാത്തുനിന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം അദ്ദേഹത്തിന്റെ സ്വവസതിയില്‍ എത്തിച്ചത്. വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുക.

- Advertisement -