മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ ഒഴിഞ്ഞ വയറുമായി പഠിക്കാനിരിക്കുന്ന എനിക്ക് കൂട്ടായി അച്ഛനുണ്ടായിരുന്നു; വൈറലായി പി.കെ ബിജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

0


ലോകസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ആലത്തൂര്‍. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനും സിപിഎം സ്ഥാനാര്‍ത്ഥി പി.കെ ബിജു വിനും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. ആരാധകര്‍ തമ്മിലുള്ള വാദപ്രതിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പൊളിമര്‍ കെമസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ പി.കെ ബിജുവിനെ അഭിനന്ദിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടും കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിത പി.കെ ബിജു തന്നെ താന്‍ വളര്‍ന്ന സാഹചര്യവും തന്റെ പിതാവിനെയും ഓര്‍മിച്ചുകൊണ്ട് ഫെയ്ബുക്കില്‍ പോസറ്റിട്ടിരിക്കുകയാണ്. എന്തായാലും അദ്ദേഹത്തിന്റെ പോസറ്റ് വൈറലായിക്കഴിഞ്ഞു.

കുടുംബാംഗങ്ങളോടൊപ്പം ഡോ. പി.കെ ബിജു


പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസം നെന്മാറയില്‍ വോട്ടഭ്യര്‍ത്ഥനയുമായി ചെന്നപ്പോഴാണ് ടൗണില്‍ ചെരുപ്പ് തുന്നുന്ന കുമാരേട്ടനെ കാണാനിടയായത്
കൈ കൊടുത്തപ്പോള്‍ തന്നെ കുമാരേട്ടന്‍ ചോദിച്ചത് പഠനത്തേക്കുറിച്ചായിരുന്നു.പഠനം ജീവിതാവസാനം വരെ തുടരുന്നതാണെന്നും മറുപടി നല്‍കി
എനിക്ക് ഒരു മകളുണ്ട്
അഖില എന്നാണ് പേര്
നിങ്ങള്‍ പഠിച്ച എം ജി യൂണിവേഴ്‌സിറ്റിയില്‍ തന്നെയാണ് പഠിക്കുന്നത്.
നിങ്ങളെ പോലെ അവളേയും ഡോക്ടറേറ്റ് എടുപ്പിക്കണം.
മകളുടെ ടീച്ചര്‍മാര്‍ ബിജുവിനെ കുറിച്ച് പറയാറുണ്ട് സഹായങ്ങള്‍ ചെയ്തു തരണമെന്നായി അദ്ദേഹം.
എല്ലാ സഹായവുമുണ്ടാവുമെന്ന് പറഞ്ഞ് മടങ്ങുമ്പോള്‍ മനസ്സില്‍ മുഴുവന്‍ എന്റെ അച്ഛന്‍ മാത്രമായിരുന്നു.
മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ ഒഴിഞ്ഞ വയറുമായി പഠിക്കാനിരിക്കുന്ന എനിക്ക് കൂട്ടായി അച്ഛനുണ്ടായിരുന്നു.
പകലന്തിയോളം പാടത്ത് പണിയെടുത്തുണ്ടാക്കുന്ന ചെറിയ പൈസ പഠനത്തിനായി ചെലവാക്കുന്ന അച്ഛന്‍.
ആ അച്ഛനായിരുന്നു തെരുവില്‍ ചെരുപ്പ് തുന്നുന്നുണ്ടായിരുന്നത്.
ഇത്തരം അനേകായിരം രക്ഷിതാക്കളുടെ ചോരയും നീരുമാണ് ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസം.
പഠിച്ചു നേടിയതാണ്
പൊരുതി നേടിയതാണ്
തലമുറകള്‍ പകര്‍ന്നു നല്‍കിയതാണ്
അതാണ് നമ്മുടെയൊക്കെ വിദ്യാഭ്യാസം