മധുവിധു ആഘോഷിക്കാന്‍ കേരളം തന്നെ മികച്ചത്

0

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച മധുവിധു ആഘോഷകേന്ദ്രമായി ട്രാവല്‍+ലീഷര്‍ ഇന്ത്യ ദക്ഷിണേഷ്യ മാഗസിന്‍ കേരളത്തെ തെരഞ്ഞെടുത്തു. ഇതിനു പുറമെ മാഗസിന്റെ ഏഴാമത് ‘റീഡേഴ്‌സ് ചോയിസ് ഇന്ത്യ ബെസ്റ്റ്’ അവാര്‍ഡുകള്‍ക്ക് കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത്, കുമരകം ലെയ്ക്ക് റിസോര്‍ട്ട് എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിനോടനുബന്ധിച്ച് ഗോള്‍ഡ് പുരസ്‌കാരം ലഭിച്ചതിനുതൊട്ടുപിന്നാലെയാണ് കേരളത്തിന് ഈ മൂന്ന് അവാര്‍ഡ് ലഭിക്കുന്നത്.
ഡല്‍ഹി ഐടിസി മൗര്യയില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാര്‍ മികച്ച മധുവിധു ലക്ഷ്യസ്ഥാനത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. ബെസ്റ്റ് ന്യൂ ഹോട്ടല്‍ (ഡൊമസ്റ്റിക്) വിഭാഗത്തിലാണ് ഗ്രാന്‍ഡ് ഹയാത്തിന് അവാര്‍ഡ് ലഭിച്ചത്. ബെസ്റ്റ് ഡെസ്റ്റിനേഷന്‍ സ്പാ (ഡൊമസ്റ്റിക്) അവാര്‍ഡിനാണ് കുമരകം ലെയ്ക്ക് റിസോര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ആഗഗസ്ത് മുതല്‍ ഒക്ടോബര്‍വരെ നടത്തിയ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. 58 അവാര്‍ഡാണ് ഇങ്ങനെ നിശ്ചയിക്കുന്നത്.

- Advertisement -