വിവാഹകഴിഞ്ഞ സ്ത്രീകള്‍ പാര്‍ട്ട് ടൈം ജീവനക്കാര്‍

0

67 ശതമാനം സ്ത്രീകളും ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്ന രാജ്യമാണ് ജപ്പാന്‍. ഇനിയും കൂടുതല്‍ സ്ത്രീകളെ ജോലിയിലേക്ക് ആകര്‍ഷിച്ച് സ്വയംപര്യാപ്തരാക്കുകയാണ് ജപ്പാന്റെ ലക്ഷ്യമെന്നാണ് പ്രധാനമന്ത്രി ഷിന്‍സോ ആബോ പറയുന്നത്. പക്ഷേ, അതിനുവേണ്ടി സ്ത്രീകള്‍ കൊടുക്കേണ്ടിവരുന്ന വില അധികമാണെന്നു തെളിയിക്കുന്നു ജപ്പാനിലെ സ്ത്രീകള്‍ നേരിടുന്ന കഷ്ടപ്പാടുകളും വെല്ലുവിളികളും.
ജപ്പാനില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ പകുതിയലധികം പേരും നിലവില്‍ പാര്‍ട് ടൈം ജോലിക്കാരാണ്. മൂന്നിലൊന്നു പേര്‍ കോണ്‍ട്രാക്ട് വ്യവസ്ഥകളില്‍ ജോലി ചെയ്യുന്നവരും. സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന സ്ത്രീകളുടെ എണ്ണമാകട്ടെ വെറും ഒരുശതമാനത്തില്‍ താഴെ മാത്രം. ലോകത്തെ വികസിത രാജ്യങ്ങളില്‍ ഇത് 4.6 ശതമാനമാണ്.
വിവാഹിതയായി രണ്ടാമത്തെ കുട്ടി ജനിക്കുന്നതോടെ സ്ത്രീകള്‍ക്ക് കമ്പനി ജോലിസമയം കുറയ്ക്കുന്നു; അതിനനുസരിച്ച് ശമ്പളവും കുറയ്ക്കുമെന്നു മാത്രം. മുപ്പതുശതമാനം മാത്രം ശമ്പളത്തില്‍ ഏഴു മണിക്കൂര്‍ ജോലി ചെയ്യുന്ന ഒട്ടേറെ സ്ത്രീകള്‍ ജപ്പാനിലുണ്ട്. കുട്ടികള്‍ ജനിക്കുന്നതിനുമുമ്പ് ഇതേ സ്ത്രീകള്‍ക്ക് മുഴുവന്‍ സമയ ജോലിയും പൂര്‍ണ ശമ്പളവും ഒപ്പം ഓവര്‍ടൈം ജോലിയും ലഭിക്കുമായിരുന്നു. കുട്ടികള്‍ ജനിക്കുന്നതിനുമുമ്പ് രാത്രി 10 വരെ ജോലി ചെയ്തിരുന്നവര്‍ അമ്മമാരാകുന്നതോടെ വൈകിട്ട് ആറിനോ ഏഴിനോ ജോലി നിര്‍ത്തി വീട്ടില്‍പോകുന്നു.
വിവാഹം വരെ സ്ഥിര ജോലിയില്‍ എല്ലാ അവകാശങ്ങളോടും കൂടി ജോലി ചെയ്യുന്നവരെ വിവാഹത്തോടെ സ്ഥാപനങ്ങള്‍ പാര്‍ട് ടൈം ആക്കുന്നു. വിവാഹത്തിനുശേഷം ജോലി തേടി ചെല്ലുമ്പോഴും അനുകൂല മനോഭാവമല്ല സ്ഥാപന ഉടമകളില്‍നിന്നും മാനേജ്‌മെന്റില്‍നിന്നും സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. സത്യം പരുഷമാണെങ്കിലും ഭൂരിപക്ഷം സ്ത്രീകളും ജോലി ചെയ്യുന്ന രാജ്യം എന്ന തിളക്കത്തില്‍ മേനി നടിക്കുകയാണ് ജപ്പാന്‍.

- Advertisement -