വോട്ടടെപ്പ് ദിവസം സ്വകാര്യമേഖലയില്‍ ശമ്പളത്തോടെ അവധി

0


വോട്ടെടുപ്പു ദിവസം സംസ്ഥാനത്തെ സ്വകാര്യ മേഖലയില്‍ ശമ്പളത്തോടെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ലേബര്‍ കമ്മിഷന്റെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാരിന്റെ നടപടി. സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ ജോലി നോക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും കേരള ഷോപ്‌സ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു കീഴില്‍ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കുമാണ് സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ ലേബര്‍ കമ്മീഷണര്‍ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചത്.
ജനപ്രാതിനിധ്യ നിയമം 1951ലെ വകുപ്പ് 135(ബി) ഉത്തരവു പ്രകാരം ലോക്‌സഭ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ 23ന് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ ഉത്തരവ്. സ്വകാര്യമേഖലയില്‍ പണിയെടുക്കുന്ന ദിവസ വേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്നു ലേബര്‍ കമ്മീഷണര്‍ സി.വി. സജന്‍ അറിയിച്ചു.
സമ്മതിദാനം വിനിയോഗിക്കുന്നതിനു വേണ്ടി അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ പോകുന്ന തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും അന്നേ ദിനത്തിലെ ശമ്പളം, വേതനം തൊഴിലുടമകള്‍ നിഷേധിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി.