ശ്രീ ധന്യ സരേഷ് കേരളത്തിന്റെ അഭിമാനം

0


ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാഫലം ശ്രീധന്യ സുരേഷ് (26) എന്ന പേരിലൂടെ കേരളം ഓര്‍ത്തുവയ്ക്കും. 410 ാം റാങ്കിലൂടെ, സിവില്‍ സര്‍വീസ് പട്ടികയിലെത്തിയ ആദിവാസി യുവതിയായ ശ്രീധന്യ ഐ.എ.എസ് നേടുന്ന വയനാട് ജില്ലയില്‍നിന്നുള്ള ആദ്യ വ്യക്തിയാണ്.
കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യയ്ക്കു തന്റെ രണ്ടാം പരിശ്രമത്തിലാണ് ഐതിഹാസിക നേട്ടം കരസ്ഥമാക്കാനായത്. പൊഴുതന ഇടിയംവയല്‍ അമ്പലക്കൊല്ലിയിലെ ദ്രവിച്ചുവീഴാറായ കൂരയില്‍ നിന്നാണു ശ്രീധന്യ രാജ്യത്തിന്റെ ഭരണയന്ത്രം തിരിക്കാനെത്തുന്നത്. മുന്‍വര്‍ഷങ്ങളിലെ സിവില്‍ സര്‍വീസ് നിയമന രീതി അനുസരിച്ച് പട്ടികവര്‍ഗ വിഭാഗത്തില്‍ 410 ാം റാങ്കിനും ഐഎഎസ് കിട്ടാനാണു സാധ്യത.
കൂലിപ്പണിക്കാരായ അച്ഛന്‍ സുരേഷിനും അമ്മ കമലയ്ക്കും മകളെ സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിന് അയയ്ക്കാന്‍ പോലും പണമുണ്ടായിരുന്നില്ല. ഒടുവില്‍ സുഹൃത്തുക്കളില്‍ നിന്നു കടം വാങ്ങിയ 40,000 രൂപയുമായാണു ശ്രീധന്യ ഡല്‍ഹിയിലെത്തിയത്. മകളുടെ പഠനത്തിനായി പത്രം വാങ്ങാനുള്ള സാമ്പത്തിക ശേഷി പോലും തങ്ങള്‍ക്കില്ലായിരുന്നുവെന്നു മാതാപിതാക്കള്‍ പറയുന്നു.
തരിയോട് നിര്‍മല ഹൈസ്‌കൂളില്‍നിന്നു 85 ശതമാനത്തിലധികം മാര്‍ക്കോടെ എസ്എസ്എല്‍സി പാസായ ശ്രീധന്യ തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നാണ് പ്ലസ് ടു ജയിച്ചത്. സുവോളജി ഐച്ഛിക വിഷയമാക്കി കോഴിക്കോട് ദേവഗിരി കോളജിലായിരുന്നു ബിരുദപഠനം. അപ്ലൈഡ് സുവോളജിയില്‍ ഇവിടെനിന്നു ബിരുദാനന്തര ബിരുദവും നേടി. പിന്നീട് എട്ടു മാസത്തോളം വയനാട് എന്‍ ഊരു ടൂറിസം പ്രൊജക്ടില്‍ അസിസ്റ്റന്റായി ജോലി ചെയ്തു.
2016 ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്യുന്ന സമയത്ത് കലക്ടര്‍ എസ്.സാംബശിവറാവു പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹത്തില്‍ നിന്നും ലഭിച്ച പ്രചോദനമാണ് സിവില്‍ സര്‍വീസ് മോഹത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്.
തുടര്‍ന്നു സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനത്തിനു ചേരുകയായിരുന്നു. തിരുവനന്തപുരം സിവില്‍ സര്‍വീസ് എക്‌സിമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റിക്കു കീഴിലായിരുന്നു പരിശീലനം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളമായിരുന്നു ശ്രീധന്യയുടെ പ്രധാന വിഷയം.

- Advertisement -