സന്തോഷത്തിന്റെ സ്വര്‍ഗത്തില്‍ സൈന

0

സൈന ഇപ്പോള്‍ സന്തോഷത്തിന്റെ സ്വര്‍ഗത്തിലാണ്. വെളിപ്പെടുത്തുന്നത് എയ്‌സുകളാലും തകര്‍പ്പന്‍ റിട്ടേണുകളാലും എതിരാളികളെ വിറപ്പിച്ച സൈന നെഹ്‌വാള്‍ തന്നെ. കായികതാരം തന്നെയായ പി.കശ്യപുമായുള്ള വിവാഹത്തിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് സൈന പറയുന്നു: ഒരു സ്വപ്നം പോലെ. വ്യക്തിജീവിതത്തില്‍ മാത്രമല്ല വിവാഹനാന്തരം സൈന സന്തോഷത്തിലൂടെ കടന്നുപോകുന്നത്; കരിയറിലും അങ്ങനെ തന്നെയാണ്. ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് വിജയം. അതും കിരീടനേട്ടമില്ലാത്ത രണ്ടുവര്‍ഷത്തെ വരള്‍ച്ചയ്ക്കും നിരാശയ്ക്കും ശേഷം. വിവാഹം ഭാഗ്യം കൊണ്ടുവന്നു എന്നാണോ ഉദ്ദേശിക്കുന്നതെന്നു ചോദിക്കുമ്പോള്‍ സംശയമില്ല സൈനയുടെ മുഖത്ത് അതേ ഭാഗ്യം തന്നെ.
വിവാഹം എല്ലാരീതിയിലും തനിക്കു ഭാഗ്യം കൊണ്ടുവന്നു എന്നുപറയുമ്പോള്‍ കളിക്കളത്തിലും ജീവിതത്തിലും കഠിനമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു താരത്തിന്റെ പരുക്കന്‍ ഭാവമല്ല സൈനയുടെ മുഖത്ത്; നവവധുവിന്റെ ലജ്ജ. സൈനയുടെ ഏറ്റവും വലിയ കരുത്തായി എതിരാളികളും ആരാധകരും ഒരുപോലെ സമ്മതിച്ചിരുന്നത് അവരുടെ മാനസികമായ കരുത്താണ്. മുന്‍ പരിശീലകന്‍ വിമല്‍കുമാര്‍ അടുത്തിടെയും അതേക്കുറിച്ച് സംസാരിച്ചിരുന്നു. വിമല്‍കുമാര്‍ പറയുന്നത് സൈനയും ശരിവയ്ക്കുന്നു. കുട്ടിക്കാലം മുതലേ ഞാന്‍ അങ്ങനെയായിരുന്നു. അതെനിക്കറിയമായിരുന്നു. എന്റെ മാനസികശക്തി. മല്‍സരങ്ങളില്‍ പിന്നില്‍നിന്നു പൊരുതിക്കയറാന്‍ എന്നെ സഹായിച്ചതും ആ ഗുണം തന്നെ.
നന്നായി പരിശീലിക്കുക. എപ്പോഴും ആരോഗ്യം കാത്തുസൂക്ഷിക്കുക. ബാക്കിയൊന്നു നമ്മുടെ കൈയിലല്ല. നല്ലകാലത്തിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കുക..സൈന വിജയമന്ത്രങ്ങള്‍ ഒന്നൊന്നായി പറയുന്നു. ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ് തുടങ്ങാന്‍ ഇനി ഒരുമാസം മാത്രമേ ബാക്കിയുള്ളൂ. മാര്‍ച്ച് ആറു മുതല്‍ 10 വരെ. വരാനിരിക്കുന്ന ആ വലിയ മല്‍സരത്തിനുവേണ്ടിയുള്ള ഒരുക്കത്തിലാണ് രാജ്യത്തിന്റെ പ്രിയതാരമായ സൈന. 2015ല്‍ ഫൈനലില്‍ സൈനയ്ക്കു തോല്‍വി സമ്മതിക്കേണ്ടിവന്നു. അതിപ്പോഴും മനസ്സിലുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ എങ്ങനെയും വിജയിക്കുക എന്നതുതന്നെയാണ് താരത്തിന്റെ ലക്ഷ്യം.

- Advertisement -