സ്ഥാനാര്‍ത്ഥിക്ക് പാടാന്‍ പാടില്ലേ? ആലത്തൂരില്‍ തെരഞ്ഞെടുപ്പ് അങ്കം സോഷ്യല്‍ മീഡിയയില്‍ വാക് പോരാകുമ്പോള്‍

0


ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസുമായി ബന്ധപ്പെട്ടു എഴുത്തുകാരി ദീപ നിശാന്ത് സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശം ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുകയാണ്. അനില്‍ അക്കര എംഎല്‍എ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയതോടെ ഫെയ്‌സ്ബുക് വാക്‌പോരു സിപിഎമ്മിനും തലവേദനയായി കഴിഞ്ഞു.

‘സ്ഥാനാര്‍ഥി എത്ര മനോഹരമായി പാടുന്നു, ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല വിഷയമാക്കേണ്ടത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ തിരഞ്ഞെടുപ്പോ അമ്പലകമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത്’ എന്നാണ് ദീപ നിശാന്തിന്റെ പോസ്റ്റിലെ പരാമര്‍ശം. യൂത്ത് കോണ്‍ഗ്രസിന്റെ ഫെയ്‌സ് ബുക് പേജില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെപ്പറ്റി പറയുന്ന കാര്യങ്ങള്‍ ചോദ്യം ചെയ്താണു ദീപയുടെ പോസ്റ്റ്. ‘ഞാന്‍ പാട്ടുപാടും, പ്രസംഗിക്കും. ഇതെല്ലാം എന്റെ ആയുധങ്ങളാണ്. വിമര്‍ശനം വകവയ്ക്കുന്നില്ല’ രമ്യ ഹരിദാസ് പ്രതികരിച്ചു.


വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കളായ കെ.എസ്. ശബരീനാഥന്‍ എംഎല്‍എയും പി.സി. വിഷ്ണുനാഥും രംഗത്തെത്തി. ‘പാട്ടുപാടുന്നതാണോ അതോ പട്ടികജാതിക്കാരിയായ പെണ്‍കുട്ടി പാര്‍ലമെന്റില്‍ പോകുന്നതാണോ ഇവിടെ ചിലരുടെ പ്രശ്‌നം’ വിഷ്ണുനാഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ.എസ്. ശബരീനാഥന്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക് കുറിപ്പ് പൂര്‍ണരൂപം:

ആലത്തുര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിനെ പരാമര്‍ശിച്ചുകൊണ്ടുള്ള ദീപ നിഷാന്തിന്റെ ഫേസ്ബുക് പോസ്റ്റ് കണ്ടു. വിഷയത്തിന് ആധാരമായി കാണിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പോസ്റ്റിലെ വസ്തുതാപരമായ തെറ്റ് ഞാന്‍ അംഗീകരിക്കുന്നു, അത് തിരുത്തേണ്ടതാണ്.പക്ഷേ വരികള്‍ക്കിടയില്‍ ദീപ ടീച്ചര്‍ രമ്യയെക്കുറിച്ചു ‘ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പല്ല നടക്കുന്നത്’ എന്ന് പറഞ്ഞത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുകയില്ല.

ഒരു ഇലക്ഷന് മത്സരിക്കാനുള്ള എല്ലാ യോഗ്യതകളുമുള്ള വ്യക്തിയാണ് രമ്യ ഹരിദാസ്. ജനാധിപത്യ പ്രക്രിയയിലൂടെ വിജയിച്ച കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റാണ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തയായ പ്രവര്‍ത്തകയുമാണ്. ഇതൊക്ക സൗകര്യപൂര്‍വം മറന്നാണ് ദീപ ടീച്ചറിന്റെ രമ്യയെ ഇകഴ്ത്തിയുള്ള സ്റ്റാര്‍ സിങ്ങര്‍ പരാമര്‍ശം.

ഇതൊക്കെ നമ്മുടെ ഒരു കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ് ടീച്ചറെ….പ്രമുഖ നടനും അമ്മ പ്രസിഡണ്ടുമായ വ്യക്തി സ്ഥാനാര്‍ത്ഥിയായാല്‍ ബലേ ഭേഷ്, പക്ഷെ ത്രിതലപഞ്ചായത്തില്‍ പൊതുപ്രവര്‍ത്തകനായ ഒരു വനിത ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അവരെ ഐഡിയ സ്റ്റാര്‍ സിംഗറോട് ടീച്ചര്‍ തന്നെ ഉപമിക്കുന്നു.
പാടുന്നവനും പാടാത്തവനും വിശ്വാസിക്കും വിശ്വാസമില്ലാത്തവര്‍ക്കും എല്ലാവര്‍ക്കും മത്സരിക്കാനുള്ള ജനാധിപത്യ അവസരമുണ്ട്, നല്ല സ്ഥാനാര്‍ഥിയെ വിജയിപ്പിക്കേണ്ടത് ജനങ്ങളാണെന്ന് മാത്രം.
അതുകൊണ്ട് രമ്യയെക്കുറിച്ചു ദീപ ടീച്ചര്‍ പരിതപിക്കേണ്ട,ആ കുട്ടി വിജയിച്ചു വന്നോളും.

- Advertisement -