ഉഷ്ണതരംഗം; ബീഹാറില്‍ പകല്‍ ജോലി നിരോധിച്ചു

0

ബീഹാറില്‍ കടുത്ത ഉഷ്ണതരംഗത്തെത്തുടര്‍ന്ന് രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ എണ്ണം നൂറു കടന്നതോടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. തൊഴിലുറപ്പ് ജോലികള്‍ രാവിലെ പത്തര വരെ മാത്രമേ അനുവദിക്കു. തുറസായ സ്ഥലങ്ങളില്‍ മീറ്റിംഗുകള്‍ അനുവദിക്കില്ല. സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ജൂണ്‍ 22 വരെ അവധി നല്‍കിയിരിക്കുകയാണ്.

അതെ സമയം പലയിടങ്ങളിലും ആളുകള്‍ക്ക് സൂര്യാഘാതമേല്‍ക്കുന്നത് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുന്ന ചൂട് മൂലം ബീഹാറില്‍ മരണസംഖ്യ ഉയരുകയാണ്.
ഔറംഗാബാദിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. 30 പേര്‍. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മരുന്നുകളും ചികിത്സയും സജ്ജമാക്കിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.
ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാലുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണവും നൂറു കടന്നതോടെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്

- Advertisement -