‘എങ്ങനെയാണ് ഈ ഹോംമോണ്‍സ്റ്ററിനൊക്കെ സംസാരിക്കാന്‍ അനുമതി കിട്ടുന്നത്?’; അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ്

0

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഹോം മോണ്‍സ്റ്റര്‍ എന്ന് വിളിച്ച് നടന്‍ സിദ്ധാര്‍ഥ്. എങ്ങനെയാണ് ഈ ഹോം മോണ്‍സ്റ്ററിനൊക്കെ സംസാരിക്കാന്‍ അനുമതി കിട്ടുന്നതെന്നാണ് അമിത് ഷായുടെ പ്രസംഗം റീട്വീറ്റ് ചെയ്തുകൊണ്ട് സിദ്ധാര്‍ഥ് ചോദിക്കുന്നത്.

ഹിന്ദു, സിഖ്, ജൈന്‍, ബുദ്ധ, ക്രിസ്ത്യന്‍ അഭയാര്‍ഥികളെ നിര്‍ബന്ധിച്ച് ഇന്ത്യയില്‍ നിന്ന് പുറത്താക്കില്ലെന്ന് ഉറപ്പുനല്‍കിക്കൊണ്ട് അമിത് ഷാ കൊല്‍ക്കത്തയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് സിദ്ധാര്‍ഥ് ഷെയര്‍ ചെയ്തിരിക്കുന്നത്. മുസ്‌ലിംകളോടെ അവഗണന വ്യക്തമാകുന്നതാണ് അമിത് ഷായുടെ പ്രസംഗമെന്ന് പരക്കെ വിമര്‍ശനമുയരുന്നുണ്ട്.

”എങ്ങനെയാണ് ഈ ഹോം മോണ്‍സ്റ്ററിന് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ അനുമതി ലഭിച്ചത്. മുസ്‌ലിംകളായ അഭയാര്‍ഥികളെ മാത്രം രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമല്ലേ. ഇവിടെ എന്താണ് നടക്കുന്നത്. എല്ലാവരും കാണ്‍കെ അയാള്‍ വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണ്.” -ഇതായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

- Advertisement -