ഗര്‍ഭിണികള്‍ സൂക്ഷിക്കുക!!!

0

ഗര്‍ഭകാലത്ത് എന്തെല്ലാം വര്‍ജ്ജിയ്ക്കണമെന്നകാര്യത്തില്‍ പല സ്തീകള്‍ക്കും വ്യക്തമായ ധാരണയില്ല. ഗര്‍ഭകാലത്ത് ഭക്ഷണരീതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് വേണ്ടതെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതേസമയം അമ്മയ്ക്കും കുഞ്ഞിനും ഹാനികരമായേക്കാവുന്നവ എത്ര താല്‍പര്യക്കൂടുതലുള്ള വസ്തുക്കളാണെങ്കിലും അത് ഉപേക്ഷിക്കുകതന്നെ വേണം. ഭക്ഷണരീതി ക്രമീകരിക്കുന്നത് ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ അകറ്റാന്‍ സഹായിക്കും.

സാധാരണ പ്രത്യേകിച്ച് നിയന്ത്രണമൊന്നുമില്ലാതെ നമ്മള്‍ ഉപയോഗിക്കുന്ന പാനീയങ്ങളാണ് ചായ, കാപ്പി എന്നിവ. എന്നാല്‍ ഗര്‍ഭിണികളുടെ കാര്യത്തില്‍ ഇവ രണ്ടും അത്ര നല്ലതല്ല. ഇവയിലടങ്ങിയിരിക്കുന്ന കഫീന്‍ എന്ന രാസവസ്തുവിന്റെ അളവ് ശരീരത്തില്‍ കൂടിയാല്‍ അത് കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിയ്ക്കും. ഗര്‍ഭകാലത്ത് കൂടുതല്‍ കഫീന്‍ ഉള്ളില്‍ച്ചെന്നാല്‍ കുഞ്ഞിന് ആരോഗ്യക്കുറവും ഭാരക്കുറവും ഉണ്ടാകുമെന്ന് അടുത്ത കാലത്ത് നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതേപോലെ തന്നെ ഒഴിവാക്കേണ്ട ഒന്നാണ് കോള പാനീയങ്ങളും. ജെസ്റ്റേഷനല്‍ ഡയബറ്റിസ്’ എന്ന് വൈദ്യലോകം വിവക്ഷിക്കുന്ന പ്രമേഹരോഗ സാധ്യത കോളയുടെ അമിതോപയോഗത്തിലൂടെ ഗര്‍ഭിണികളില്‍ വര്‍ധിക്കുന്നതായി ലൂയിസിയാന സര്‍വകലാശാലയിലെ ഹെല്‍ത്ത് സയന്‍സ് വിഭാഗം നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തിയത്.

വിവിധ തരത്തിലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് മൈദ. ഇതും ഗര്‍ഭിണികള്‍ വര്‍ജ്ജിക്കേണ്ടതുതന്നെ. മൈദ പലപ്പോഴും വന്‍ കുടലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. ഇതേപോലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും ഇക്കാലത്ത് ഒഴിവാക്കാം.

സുഗന്ധദ്രവ്യം എന്ന നിലയില്‍ ഉപോയോഗിക്കുന്ന ജാതിയ്ക്കയും ഗര്‍ഭിണികള്‍ക്ക് ദോഷം ചെയ്യും. എന്നാല്‍ ഇക്കാര്യത്തിന് ശാസ്ത്രീയമായ തെളിവുകള്‍ ഒന്നുമില്ല.

കേരളീയരുടെ ഭക്ഷണത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് കടല്‍ മത്സ്യങ്ങള്‍. ഇവ ആരോഗ്യദായകമാണുതാനും. ഗര്‍ഭിണികളുടെ കാര്യം വരുമ്പോള്‍ ഇവിടെയും നിഷ്‌കര്‍ഷ പാലിക്കേണ്ടതുണ്ട്. മെര്‍ക്കുറിയുടെ അളവ് കൂടുതലുള്ള മത്സ്യങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ കഴിയ്ക്കാതിരിക്കുന്നതാണ് നല്ലത്. നമ്മള്‍ കൂടുതലായി ഉപയോഗിക്കുന്ന സ്രാവ്, വല്ലിമീന്‍, അയല തുടങ്ങിയ മത്സ്യങ്ങളില്‍ മെര്‍ക്കുറിയുടെ അംശം കൂടുതലാണ്.

പച്ചമത്സ്യത്തില്‍ കണ്ടുവരുന്ന ലിസ്റ്റീരീയ എന്ന ബാക്ടീരിയ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം. മത്സ്യം കഴിയ്ക്കുന്നത് നല്ലതാണെങ്കിലും കക്കയിറച്ചിപോലുള്ളവ ഒഴിവാക്കാം.

ഗര്‍ഭാവസ്ഥയില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തവയാണ് പാലും മുട്ടയും. പാല്‍ നന്നായി തിളപ്പിച്ചശേഷം മാത്രം ഉപയോഗിക്കുക. തിളപ്പിക്കാത്ത പാലിലും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ലിസ്റ്റീരിയ ബാക്ടീരിയകള്‍ ഉണ്ട്. അധികം പഴകിയതും കട്ടിയുള്ളതുമായ ചീസ് ഉപയോഗിക്കാതിരിക്കുക. മുട്ട വേവിച്ച് മാത്രം കഴിയ്ക്കുക, പച്ചമുട്ട കഴിയ്ക്കുന്ന ശീലമുണ്ടെങ്കില്‍ ഒഴിവാക്കുക.

- Advertisement -