വായടയ്ക്ക്, പരാതി വേണ്ട, അപേക്ഷിക്ക്; പ്രളയ ബാധിതരെ ശകാരിച്ച് ബിജെപി നേതാവ്

0

പ്രളയ ദുരിതത്തിലകപ്പെട്ട് അതെപ്പറ്റി സങ്കടം പറഞ്ഞ നാട്ടുകാരെ മഹാരാഷ്ട്ര ബിജെപി അധ്യക്ഷനും സംസ്ഥാന മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീല്‍ ശകാരിക്കുന്ന വീഡിയോ പുറത്ത്. പരാതി പറയരുതെന്നും എന്തെങ്കിലും വേണമെങ്കില്‍ അപേക്ഷിക്കുകയാണ് വേണ്ടതെന്നുമാണ് മന്ത്രി ദുരിതമനുഭവിക്കുന്ന നാട്ടുകാരെ ഉപദേശിക്കുന്നത്.

കോലാപ്പുരിന്റെയും പൂനെയുടേയും ചുമതലയുള്ള മന്ത്രി ഞായറാഴ്ച കോലാപ്പുരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് നാട്ടുകാര്‍ പരാതി പറഞ്ഞത്. സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും ഗതാഗത സൗകര്യങ്ങള്‍ ശരിയായാല്‍ ദുരിതാശ്വാസ സാമഗ്രികളെല്ലാം എത്തുമെന്നും പറഞ്ഞ മന്ത്രിയോട് നാട്ടുകാര്‍ പിന്നെയും പരാതി പറഞ്ഞു.

എന്നാല്‍, ഇത് കേട്ട് തൃപ്തരാകാതെ ജനം വീണ്ടും ബഹളം വച്ചതോടെയാണ് മന്ത്രിയുടെ നിയന്ത്രണം നഷ്ടമായത്. നിങ്ങള്‍ക്കു സഹായമെത്തിക്കാന്‍ ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിക്കുന്ന അധികൃതര്‍ക്കെതിരെ നിങ്ങള്‍ പരാതി പറയുകയാണോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ഇങ്ങനെ പരാതിപ്പെടുകയല്ല വേണ്ടതെന്നും എന്തെങ്കിലും സഹായം വേണമെങ്കില്‍ അതിന് അപേക്ഷിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

പിന്നെയും ശബ്ദമുയര്‍ത്തിയ നാട്ടുകാരെ ‘വായടയ്ക്ക്’എന്നുപറഞ്ഞ് മന്ത്രി ശാസിക്കുന്നതും വീഡിയോയിലുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ കോലാപ്പൂര്‍, സാംഗ്ലി തുടങ്ങി പല ജില്ലകളും വെള്ളത്തിനടിയിലായിരുന്നു.

- Advertisement -