വിവാഹത്തിന് മദ്യപിച്ചെത്തിയ വരനെ തനിക്ക് വേണ്ടെന്ന് യുവതി; അനുമോദിച്ച് ഭരണകൂടം

0

വിവാഹവേദിയില്‍ മദ്യപിച്ചെത്തിയ വരനെ വിവാഹം ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ യുതിക്ക് അഭിനന്ദന പ്രവാഹം. ഒഡിഷയിലെ ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട യുവതിയാണ് ധീരമായ നിലപാടെടുത്ത് ശ്രദ്ധ നേടിയത്.
വിവാഹദിവസം ബന്ധുക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ നിലപാടില്‍ ഉറച്ചു നിന്നതിനാണ് മമത ഭോയ് എന്ന യുവതിയെ ഒഡീഷയിലെ സംബല്‍പുര്‍ ജില്ലാ ഭരണകൂടം അഭിനന്ദിച്ചതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംഭവം. മദ്യപിച്ച് ബോധമില്ലാതെ എത്തിയ വരനെ സ്വീകരിക്കില്ലെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നതോടെ വരനും ബന്ധുക്കള്‍ക്കും വിവാഹ വേദിയില്‍നിന്ന് മടങ്ങേണ്ടിവന്നു.
തന്റെ തീരുമാനം മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്നൊന്നും കരുതിയിരുന്നില്ലെന്ന് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ സംസാരിക്കവെ യുവതി പറഞ്ഞു. ലദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണ് വിവാഹ മണ്ഡപത്തില്‍ വരനെ കാണാന്‍ കഴിഞ്ഞത്. അയാളെ വിവാഹം കഴിക്കാനില്ലെന്ന് അപ്പോള്‍തന്നെ തീരുമാനമെടുത്തു. അമിതമായി മദ്യപിച്ചതിനാല്‍ നില്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് അയാള്‍ എത്തിയത്. അയാള്‍ക്കൊപ്പം സന്തോഷത്തോടെ ജീവിക്കാന്‍ കഴിയില്ലെന്ന് അപ്പോള്‍തന്നെ തനിക്ക് വ്യക്തമായി. അതോടെയാണ് ഉറച്ച നിലപാട് സ്വീകരിച്ചത്. തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ഉറച്ച് വിശ്വസിക്കുന്നു. നിര്‍ധന കുടുംബമാണെങ്കിലും മാതാപിതാക്കള്‍ തന്റെ തീരുമാനത്തെ പിന്തുണച്ചുവെന്നും യുവതി പറഞ്ഞു.

പങ്കാളിയെ തിരഞ്ഞെടുക്കുമ്‌ബോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശമാണ് മമത നല്‍കുന്നതെന്ന് സംബല്‍പുര്‍ എസ്.പി സഞ്ജീവ് അറോറ പറഞ്ഞു. ജില്ലാ കളക്ടര്‍ ശുഭം സക്സേന യുവതിയെ പൊന്നാട അണിയിക്കുകയും 10,000 രൂപ പാരിതോഷികം നല്‍കുകയും ചെയ്തു.

- Advertisement -