കുറിച്യര്‍മലയില്‍ വന്‍ ഗര്‍ത്തവും ചെളി നിറഞ്ഞ ജലാശയവും; 200 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

0


വയനാട്: ശക്തമായ മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ വയനാട്ടിലെ ഏറ്റവും വലിയ മലയായ കുറിച്യര്‍ മലയുടെ മുകളില്‍ ചെളി നിറഞ്ഞ വലിയ ജലാശയം രൂപപ്പെട്ടു. മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തു നിന്നുള്ള വിള്ളല്‍ ജലാശയം വരെ നീളുന്നതാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇരുനൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഇവിടെയും ഇതിനോട് അടുത്ത പ്രദേശങ്ങളിലും താമസിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സമീപ പ്രദേശത്തുള്ളവരും വീടുകള്‍ ഉപേക്ഷിച്ചു പോയിട്ടുണ്ട്.

ഇന്ന് കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നുള്ള വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിക്കും. തുടര്‍ന്നേ പ്രദേശത്ത് ജനവാസം വേണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.
കഴിഞ്ഞയാഴ്ചയും കുറിച്യര്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു. മുന്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഇവിടെനിന്നു മാറിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. കഴിഞ്ഞയാഴ്ച ഉരുള്‍പൊട്ടിയതിന്റെ എതിര്‍ദിശയില്‍ ജനവാസകേന്ദ്രങ്ങളുടെ മുകളിലാണ് ഇക്കുറി വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. 60 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയും എട്ടു മീറ്റര്‍ ആഴവുമുള്ള ഗാര്‍ത്തമാണിതെന്ന് വയനാട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ് പറഞ്ഞു.
വനഭൂമിയില്‍ ഉരുള്‍പൊട്ടിയതിന്റെ പുറകിലായി കുളം രൂപപ്പെട്ടിട്ടുണ്ട്. ഇതില്‍ വെള്ളം നിറഞ്ഞാല്‍ മലമുകളില്‍നിന്നു മൊത്തം പൊട്ടിയൊലിച്ചു വരാനുള്ള സാധ്യതയുണ്ടെന്നും പി.യു. ദാസ് പറഞ്ഞു. സുരക്ഷാഭീഷണിയെ തുടര്‍ന്ന് മേല്‍മുറി, പുതിയ റോഡ് പ്രദേശങ്ങളില്‍ നിന്നുള്ള കുടുംബങ്ങളെയാണ് മാറ്റിയത്.

- Advertisement -