കുതിച്ചുയരാന്‍ തയ്യാറായി ഇന്ത്യയുടെ അഭിമാനം ചാന്ദ്രയാന്‍ 2

0


ചന്ദ്രന്റെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ അഭിമാനദൗത്യം ചാന്ദ്രയാന്‍ 2 അടുത്ത മാസം കുതിച്ചുയരും. അടുത്ത മാസം 9 മുതല്‍ 16 വരെ ഏതെങ്കിലുമൊരു ദിവസങ്ങളിലൊന്നില്‍ ചാന്ദ്രയാന്‍ 2 വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചാന്ദ്രയാന്‍ 2 ദൗത്യത്തിന്റെ മൊഡ്യുളുകളുടെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു.


ജിഎസ്എല്‍വിയുടെ ഏറ്റവും മികച്ച ലോഞ്ചറുകളിലൊന്നായ മാര്‍ക്ക് 3 യുടെ ചുമലിലേറിയാണ് ചാന്ദ്രയാന്‍ രണ്ട് ബഹിരാകാശത്തേയ്ക്ക് കുതിച്ചുയരുക. ഫാറ്റ് ബോയ് എന്ന് ശാസ്ത്രജ്ഞര്‍ തന്നെ വിളിക്കുന്ന മാര്‍ക്ക് 3, ഐഎസ്ആര്‍ഒയുടെ വിശ്വസ്തനാണ്. 800 കോടി രൂപ ചെലവിലൊരുങ്ങുന്ന ഇന്ത്യയുടെ അഭിമാനപദ്ധതിയെ ലക്ഷ്യത്തിലെത്തിക്കാന്‍ മാര്‍ക്ക് 3യ്ക്ക് കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട് ഐഎസ്ആര്‍ഒയ്ക്ക്.
ദൗത്യത്തിന്റെ അവസാന വട്ട പരീക്ഷണങ്ങളും പൂര്‍ത്തിയായതായി നേരത്തേ ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലും കര്‍ണാടകയിലെ പരീക്ഷണകേന്ദ്രത്തിലുമാണ് ദൗത്യത്തിന്റെ മൊഡ്യൂളുകളുടെ അവസാനഘട്ട മിനുക്കുപണികള്‍ നടന്നത്. ഇതിന് ശേഷം മൊഡ്യൂളുകള്‍ തമ്മില്‍ യോജിപ്പിച്ചത് ഐഎസ്ആര്‍ഒയുടെ ബംഗളുരു ക്യാംപസില്‍ വച്ച് തന്നെയാണ്. ജൂണ്‍ 19ന് ബംഗളുരു ക്യാംപസില്‍ നിന്ന് ദൗത്യത്തിന്റെ മൊഡ്യൂളുകള്‍ ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകും. ജൂണ്‍ 20നോ 21നോ ഇത് ശ്രീഹരിക്കോട്ടയിലെത്തിക്കും.
ചന്ദ്രന്റെ ഉപരിതലത്തിന്റെ ത്രി ഡി മാപ്പിംഗ് മുതല്‍ ഉപരിതലത്തിലെ ജലകണികകളുടെ സാന്നിധ്യം തിരിച്ചറിയാനും മൂലകങ്ങളുടെ സാന്നിധ്യം പരിശോധിക്കാനുമുള്ള സൗകര്യങ്ങള്‍ ഇതിലുണ്ടാകും.

- Advertisement -