കവളപ്പാറയിലെ മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടത്തിനായി പള്ളി വിട്ടുകൊടുത്ത സംഭവത്തെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

0

നിലമ്പൂരിലെ കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി മുസ്ലിം സഹോദരങ്ങള്‍ പള്ളി വിട്ടുനല്‍കിയ സംഭവത്തെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാതന്ത്ര്യദിന സന്ദേശം.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി പള്ളി വിട്ടുകൊടുത്ത പള്ളി കമ്മിറ്റിയുടെ നടപടി രാജ്യത്തെ മഹത്തായ മാതൃകയാണെന്ന് മുഖ്യമന്ത്രി സ്വതന്ത്ര്യദിന പ്രഭാഷണത്തില്‍ പറഞ്ഞു.

കേരളം ദുരന്തഭൂമിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ ഒരു ആരാധനാലയം കാണിച്ച മാതൃക നാം ഓര്‍ക്കേണ്ടതാണ്. മുസ്ലിം പള്ളി അവിടെ കണ്ട മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടുകൊടുത്തു. അങ്ങേയേറ്റം മഹത്തായ മാതൃകയാണത്. രാജ്യത്തിന് മുന്നില്‍ കേരളത്തിന് അഭിമാനം പൂര്‍വം കാണിക്കാവുന്ന മാതൃക- മുഖ്യമന്ത്രി പറഞ്ഞു.

പോത്തുകല്ല് അങ്ങാടിയിലെ മസ്ജിദിന്റെ നമസ്‌കാര മുറിയാണ് ദുരന്തത്തിന് ഇരയായവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി തുറന്നു കൊടുത്തത്. വളപ്പാറയില്‍ നിന്ന് കണ്ടെടുത്ത 31 പേരേയും ജാതിമത ഭേദമന്യേ പോസ്റ്റ്മോര്‍ട്ടവും ഇന്‍ക്വസ്റ്റും നടന്നത് ഈ മസ്ജിദിനകത്തെ നമസ്‌കാര മുറിയിലാണ്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ലഭിക്കുന്ന അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ 45 കിലോമീറ്റര്‍ ദൂരത്തുള്ള നിലമ്ബൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത് ഏറെ ശ്രമകരമായിരുന്നു.

സമീപത്തേ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ സംഘടിപ്പിച്ചിരുന്നതിനാല്‍ ഇവിടേയും പോസ്റ്റ്മോര്‍ട്ടം സാധ്യമായിരുന്നില്ല. തുടര്‍ന്നാണ് സംഭവസ്ഥലത്ത് നിന്നും പത്ത് മിനിറ്റ് മാത്രം ദൂരത്തുള്ള പോത്തുകല്ലിലെ പള്ളി ഭാരവാഹികളെ അധികൃതര്‍ സമീപിച്ചത്. പൂര്‍ണസമ്മതം നല്‍കുന്നതിനൊപ്പം ടേബിളുകളും ലൈറ്റുമടക്കം എല്ലാ സജ്ജീകരണങ്ങളും പള്ളി ഭാരവാഹികള്‍ തന്നെ ഒരുക്കി നല്‍കി. മദ്രസയിലെ മേശകള്‍ നിരത്തിയാണ് പോസ്റ്റ്മോര്‍ട്ടത്തിന് സൗകര്യമൊരുക്കിയത്

- Advertisement -