പൊട്ടി വീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം;ഹൈക്കോടതി സ്വമേധയാ കേസെടുത്തു

0


തിരുവനന്തപുരത്ത് കനത്ത മഴയില്‍ പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചത് രണ്ട് ദിവസം മുന്‍പാണ് . സംഭവം വാര്‍ത്തയായതിന് പിന്നാലെ കോടതി സ്വമേധയാ കേസെടുത്തത്. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും അതിനാലാണ് സ്വമേധയാ കേസെടുത്തതെന്നും കോടതി വ്യക്തമാക്കി.


കെ.എസ്.ഇ.ബിയെയും ചീഫ് സെക്രട്ടറിയെയും കക്ഷിചേര്‍ത്താണ് കോടതി കേസെടുത്തിരിക്കുന്നത്. കക്ഷികളോട് കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബിയുടെയും ചീഫ് സെക്രട്ടറിയുടെയും വിശദീകരണം കേട്ടശേഷം കോടതി തുടര്‍ നടപടികളിലേയ്ക്ക് കടക്കും.


തിരുവനന്തപുരം പേട്ടയിലാണ് പൊട്ടിവീണ വൈദ്യുത കമ്പിയില്‍ തട്ടി രണ്ടുപേര്‍ മരിച്ചത്. പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപടത്തിന് കാരണമായത്.

- Advertisement -