‘വെന്തുനീറി മരിച്ച ഒരു സ്ത്രീയുടെ സ്വഭാവശുദ്ധി അളക്കുന്നവര്‍…’

0

ഒരു സ്ത്രീക്ക് നമ്മുടെ സമൂഹം കല്‍പ്പിച്ചു നല്‍കുന്ന വില എന്താണ്? കേവലം പ്രണയവും കാമവും തേപ്പും കൈമുതലാക്കിയവള്‍, അതല്ലെങ്കില്‍ സദാചാര ബോധങ്ങളെ തൃപ്തിപ്പെടുത്തുന്ന ‘കുലസ്ത്രീ’. രണ്ടാമത്തേതിലായിരിക്കണം തന്റെ ഭാര്യയും അമ്മയും പെങ്ങളും. ബാക്കിയുള്ളവരെയെല്ലാം അസഭ്യ നാമങ്ങള്‍ കൊണ്ട് അഭിസംബോധന ചെയ്യുന്ന പുരുഷാരം കേരളത്തിലെ സൈബര്‍ ലോകത്ത് വിലസുന്നു.

ക്രൂരമായി ചുട്ടുകൊല്ലപ്പെട്ട സൗമ്യയുടെ അവസ്ഥയും വ്യത്യസ്തമല്ല. പൗരുഷത്തിന്റെ ഇരയായി അവളും സൈബര്‍ ലോകത്ത് ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. അജാസിനോട് സൗമ്യ പറഞ്ഞ ഒരു നോ ആയിരുന്നു ആണ്‍ ലോകത്തുനിന്നും അവളെ തൂത്തെറിഞ്ഞത്. വഴങ്ങാത്തവള്‍ എന്നല്ല ചതിച്ചവള്‍ എന്നാണ് സമൂഹമാധ്യമത്തിലെ സദാചാര ആങ്ങളമാര്‍ അവളെ വിശേഷിപ്പിക്കുന്നത്.

പ്രശസ്ത അവതാരകയും എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുമായ ആന്‍ പാലിയുടെ ഫേസബുക്ക് കുറിപ്പ് ഈ വിഷയത്തെ നന്നായി ചര്‍ച്ച ചെയ്യുന്നു. പെണ്ണില്‍ നിന്നും വരുന്ന ‘നോ’ എന്ന വാക്കിന്റെ അര്‍ത്ഥം സമൂഹത്തിന് മനസ്സിലാകാത്തിടത്തോളം കാലം സൗമ്യയുടെതുപോലുള്ള വാര്‍ത്തകള്‍ ആവര്‍ത്തിക്കുമെന്ന് ആന്‍ ഓര്‍മ്മിപ്പിക്കുന്നു.

ആന്‍ പാലിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

ഒരു പുരുഷന്‍ മറ്റൊരു പുരുഷനെ കൊന്നാല്‍ അതില്‍ പണമിടപാടുകള്‍, രാഷ്ട്രീയം, സാമൂഹികം, ബിസിനസ് ഇടപാടുകള്‍ ,സാമ്പത്തികപ്രശ്‌നങ്ങള്‍, മുന്‍കൂര്‍വൈരാഗ്യം, മദ്യപിച്ചുള്ള വഴക്ക്,കുടുംബപ്രശ്നങ്ങള്‍, വഴിത്തര്‍ക്കം, അതിര്‍ത്തിത്തര്‍ക്കം, വഴിയില്‍ വെച്ച് വണ്ടി സൈഡ് കൊടുക്കാത്തതോ, മഴയത്തു ചെളി തെറിപ്പിച്ചതോ, എന്തിന്, ബസ്സിലെ സീറ്റ് കിട്ടാത്ത പ്രശ്നം വരെയാകാം.

പക്ഷെ , ഒരാണ് ഒരു പെണ്ണിനെ കൊന്നാല്‍ അത് അവരുടെ അവിഹിതബന്ധം തന്നെ, മാത്രമല്ല , ‘അവള്‍ അവനെ മുതലാക്കിയിട്ടു കടന്നു കളയാന്‍ ശ്രമിച്ചവള്‍’, അവനിലെ തിളച്ചുമറിയുന്ന പൗരുഷം അവളെ ശിക്ഷിച്ചു’! കഷ്ടം ! എന്ന് വെച്ചാല്‍ പ്രേമിക്കാനല്ലാതെ മറ്റൊരു സാമൂഹികഇടപെടലുകളും അറിയാത്ത , പാടില്ലാത്ത ജീവിയാണല്ലോ സ്ത്രീ!

വെന്തുനീറി മരിച്ച ഒരു സ്ത്രീയുടെ സ്വഭാവശുദ്ധി അളക്കാന്‍ എത്രയെത്ര ….! ഇന്നലെ വരെ നമുക്കപരിചിതയായിരുന്ന ഒരു സ്ത്രീയുടെ സ്വകാര്യജീവിതത്തെക്കുറിച്ചു കഥ മെനയാനുള്ള താല്പര്യം എത്ര വലുതാണല്ലേ ?

രണ്ടു വ്യക്തികള്‍ തമ്മില്‍ സൗഹൃദത്തിലാവാനും തുറന്നു സംസാരിക്കാനുമൊക്കെ ചുരുക്കം കാരണങ്ങള്‍ മതി. ഇഷ്ടമുള്ള ചിത്രം, തമാശകള്‍, പാട്ട്, സീരിയലുകള്‍ എന്തിനു ഗോസ്സിപ് വരെ കാരണങ്ങളാണ്.

അതിലെന്തെങ്കിലും ഒരു കാരണം ഇല്ലാതായാല്‍ തീരുന്ന അടുപ്പമേ പലര്‍ക്കുമുണ്ടാവുകയുമുള്ളൂ.എങ്കിലും ഏറ്റവും ബോറന്‍ കാരണമെന്ന് പറയുന്നത് ചില ‘ഡോമിനേഷനുകളാണ്’.

ആദ്യമാദ്യം കരുതലാണെന്നും നന്മയാണെന്നുമൊക്കെ കരുതുന്ന അത്തരം മൂശേട്ടത്തരങ്ങള്‍ ഒരു സൗഹൃദത്തെ പൂര്‍ണ്ണമായി നശിപ്പിക്കും. പലപ്പോഴും പുരുഷന്റെ ഭാഗത്തു നിന്നും ഏറ്റവും ശ്വാസംമുട്ടിക്കുന്ന ആ സ്വാര്‍ത്ഥത അങ്ങ് വളരുന്നത് അയാളുടെ ഈഗോയ്‌ക്കൊപ്പമാവും.

അതിനു കിട്ടാവുന്ന ഏറ്റവും വലിയ പ്രഹരമായി ഒരു ബന്ധം അവസാനിപ്പിക്കാന്‍ സ്ത്രീ ശ്രമിക്കുമ്പോളേക്കും പകയും പ്രതികാരബുദ്ധിയും തിളച്ചുമറിഞ്ഞു തുടങ്ങും. പിന്നെ, പലവിധമുള്ള ആരോപണങ്ങളും ബുദ്ധിമുട്ടിപ്പിക്കലുകളുമായി !

‘നോ’ എന്ന വാക്കിന്റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാക്കാന്‍ കഴിയാത്ത മനുഷ്യര്‍ ഉള്ളിടത്തോളം കാലം ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നമുക്കന്യമാവില്ല, അല്ലെ?

- Advertisement -