പഞ്ഞമില്ലാതെ മോദി സ്തുതി; ഇര ഒബാമ

0

ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പഞ്ഞമില്ലെങ്കിലും ഇത്തവണ മോദിസ്തുതിക്ക് ഇരയായത് സാക്ഷാല്‍ ബറാക് ഒബാമ! നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടെലിവിഷനില്‍ കാണുന്ന ബരാക് ഒബാമയുടെ ചിത്രം, കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ചിത്രം വന്‍ തോതില്‍ പ്രചരിച്ചത് ‘അമേരിക്കയില്‍ ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നു’ എന്ന തലക്കെട്ടോടെയാണ്. മെയ് 31ന് സച്ചിന്‍ ജീന്വാള്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇത് പിന്നീട് നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയുമായിരുന്നു. ഈ ചിത്രം വ്യാജമാണെന്ന് ഇപ്പോള്‍ തെളിവുസഹിതം കണ്ടെത്തിയിരിക്കുകയാണ്.

ന്യൂയോര്‍ക് ടൈംസ് ഫോട്ടോഗ്രാഫറായ ഡൗഗ് മില്‍സ് എടുത്തതാണ് ഒബാമയുടെ യഥാര്‍ത്ഥ ചിത്രം. മില്‍സ് 2014 ല്‍ ഈ ചിത്രം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഒരു യാത്രക്കിടെ എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലിരുന്ന് അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമ അമേരിക്ക-ജര്‍മ്മനി ലോകകപ്പ് മത്സരം കാണുന്ന ചിത്രമാണിത്. ഫുട്ബോള്‍ മത്സരത്തിന് പകരം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നുള്ള ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് വ്യാജചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

- Advertisement -