‘വിജയ്ക്ക് നിത്യശാന്തി’ അതിരുകടന്ന് തല ആരാധകര്‍; ഫാന്‍സ് ക്ലബ് യുദ്ധത്തില്‍ തലകുനിച്ച് തമിഴ്‌നാട്

0

തമിഴ് സൂപ്പര്‍ താരങ്ങളായ വിജയ് യുടെയും അജിത്തിന്റെയും ആരാധകരുടെ തമ്മിലടി അതിരുകടക്കുന്നു. തമിഴ് സിനിമാലോകത്തെ തന്നെ ലജ്ജിപ്പിക്കുന്ന ഒരു ഹാഷ് ടാഗ് ക്യാംപെയ്‌നിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ട്വിറ്റര്‍.

മറ്റ് ഭാഷയിലെ ആരാധകരെ ഞെട്ടിപ്പിക്കുന്ന തരം ആരാധനയുടെ വെര്‍ഷനാണ് തമിഴില്‍ അജിത്ത്കുമാര്‍-വിജയ് ആരാധകര്‍ തമ്മില്‍ ഏറെക്കാലമായി നടക്കുന്നത്. സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തി പരസ്പരം ചെളി വാരിയെറിയാന്‍ ഹാഷ് ടാഗ് ക്യാംപെയ്‌നുകള്‍ പലവട്ടം നടത്തിയിട്ടുണ്ട് ഇക്കൂട്ടര്‍. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ഏറെ ഗൗരവതരമാണ്. വിജയ് മരിച്ചു, നിത്യശാന്തി നേരുന്നു എന്നു തുടങ്ങുന്നതരത്തിലുള്ള മെസേജുകള്‍ പ്രചരിച്ചതോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം!

RipVIJAY, #RIPActorVijay എന്നിങ്ങനെയായിരുന്നു ഹാഷ് ടാഗുകള്‍. ഇത് ദേശീയ തലത്തില്‍ തന്നെ ട്രെന്റിംഗ് ആവുകയും ചെയ്തു. വിജയ് ഫാന്‍സ് അസോസിയേഷനിലെ പലരും വിജയ്യുടെ ഒപ്പമുള്ള സംഘത്തെ ബന്ധപ്പെട്ട് ഈ ഹാഷ്ടാഗിന്റെ നിജസ്ഥിതി അന്വേഷിച്ചു. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ വിജയ് സൗഖ്യത്തോടെയിരിക്കുന്നുവെന്ന മറുപടിയാണ് അവര്‍ക്കൊക്കെ ലഭിച്ചത്.

മാധ്യമപ്രവര്‍ത്തകരും ഇത്തരമൊരു വ്യാജപ്രചരണത്തിന്റെ ഉറവിടം തേടുന്നുണ്ടായിരുന്നു. പിന്നാലെയാണ് ഇത്തരമൊരു ക്യാംപെയ്‌നിന് പിന്നില്‍ അജിത്ത് കുമാര്‍ ആരാധകരാണെന്ന വിവരം പുറത്തുവരുന്നത്. ഉച്ചയോടെ അജിത്ത് ആരാധകര്‍ സൃഷ്ടിച്ച വ്യാജ ക്യാംപെയ്‌നിന് ബദല്‍ ഹാഷ് ടാഗുമായി വിജയ് ആരാധകരും ട്വിറ്ററില്‍ സംഘടിച്ചെത്തി. #LongLiveActorVIJAY എന്നായിരുന്നു ആ ഹാഷ് ടാഗ്. ആ ടാഗും ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്റിംഗ് ആണ്.

അതേസമയം തന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷനെ പിരിച്ചുവിടുന്നതായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചയാളാണ് അജിത്ത്. പിന്നീട് പല ഘട്ടത്തിലും അദ്ദേഹം ഇക്കാര്യം പരസ്യമാക്കിയിട്ടുമുണ്ട് എന്നിട്ടും ആരാധകര്‍ വ്യാജ പ്രചരണങ്ങളുമായി രംഗത്തിറങ്ങുന്നത് താരത്തെ ചൊടിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

- Advertisement -