പ്രളയ ഫണ്ടിന്റെ കാര്യത്തില്‍ കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത വിവേചനമെന്ന് കോണ്‍ഗ്രസ്സ്

0

പ്രളയ ഫണ്ടിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് വിവേചനം കാണിക്കുകയാണെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷത്തില്‍ 10000 കോടിയുടെ നഷ്ടം സംഭവിച്ച കേരളത്തിന് 3000 കോടി രൂപ മാത്രമാണ് നല്‍കിയതെന്ന് കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രളയം ബാധിക്കാത്ത ഉത്തര്‍പ്രദേശിന് കഴിഞ്ഞ വര്‍ഷം പ്രളയ ദുരിതാശ്വാസമെന്ന പേരില്‍ 200 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ആസാമിന് 250 കോടിയും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ പ്രളയ ദുരിതാശ്വാസമായി കഴിഞ്ഞ വര്‍ഷം 3,000 കോടിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ലഭിച്ചത് നാമമാത്രമായ ഫണ്ടാണ്. കഴിഞ്ഞ വര്‍ഷം 10,000 കോടിയുടെ നഷ്ടം കേരളത്തിന് സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ കേരളത്തിന് നല്‍കിയതാവട്ടെ വെറും 3,000 കോടിയും.

പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. ഇക്കാര്യത്തില്‍ രാഷ്ട്രീയ പക്ഷപാതം കാണിക്കരുത്. പ്രളയ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കാലത്ത് ഒഴുക്കിയ പണത്തിന്റെ 50 ശതമാനമെങ്കിലും നല്‍കാന്‍ തയ്യാറവണം. പ്രളയം ബാധിച്ച കേന്ദ്രഭരണ പ്രദേശം ഉള്‍പ്പെടെയുള്ള 17 സംസ്ഥാനങ്ങളില്‍ കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം പ്രളയാനന്തര പ്രവൃത്തികള്‍ നടത്താന്‍ സാധിച്ചിട്ടില്ലെന്നും ഷെര്‍ഗില്‍ പറഞ്ഞു.

- Advertisement -