സംഹാര താണ്ഡവമാടി ഫോനി പശ്ചിമബംഗാളിലെത്തി; ഒഡീഷയില്‍ മരണം എട്ട്

0


സംഹാര താണ്ഡവമാടി ഫോനി ചുഴലിക്കാറ്റ് ഒഡീഷയില്‍ നിന്ന് പശ്ചിമബംഗാളിലേക്ക് കടന്നു. ഒഡീഷയില്‍ മാത്രം ചുഴലിക്കാറ്റിന്റെ കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി.മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗത്തില്‍ പശ്ചിമ ബംഗാളില്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്.
കൊല്‍ക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. പശ്ചിമ ബംഗാളില്‍ പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയിലുള്ളത്.
പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎന്‍ജിസി തീരക്കടലിലുള്ള എണ്ണക്കിണറുകളില്‍ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. വിനോദസഞ്ചാരികളോട് കൊല്‍ക്കത്ത വിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്.
20 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ വീശിയടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോനി. ശനിയാഴ്ചയോടെ ബംഗാള്‍ തീരം കടന്ന് ബംഗ്ലാദേശിലേക്ക് ഫോനി കടക്കും. അപ്പോഴേയ്ക്കും കാറ്റിന്റെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

- Advertisement -