ഗാംഗുലിക്കും സേവാഗിനും ഇത്തവണ ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് എത്താനാകില്ല!!

0

ഇന്ത്യയുടെ അപ്രതീക്ഷിത പരാജയത്തോടെ ലോകകപ്പ് അവസാനിച്ചെങ്കിലും ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ വീണ്ടും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയുടെ ക്രിക്കറ്റ് ആരാധകര്‍ പരിശീലക സ്ഥാനത്ത് സ്വപ്നം കാണുന്ന രണ്ട് താരങ്ങളാണ് വീരേന്ദര്‍ സെവാഗും സൗരവ് ഗാംഗുലിയും. എന്നാല്‍ ഇരുവര്‍ക്കും ഇത്തവണ പരിശീലക സ്ഥാനത്തേക്ക് എത്തിപ്പെടാന്‍ സാധിക്കില്ല!

കാരണം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ വേണ്ട മാനദണ്ഡങ്ങള്‍ തന്നെയാണ്! രണ്ട് വര്‍ഷമെങ്കിലും ടെസ്റ്റ് പദവിയുള്ള ഒരു ദേശീയ ടീമിന്റെ പരിശീലകനായുള്ള പരിചയം, ഐപിഎല്‍ അല്ലെങ്കില്‍ അത് പോലെ അന്താരാഷ്ട്ര നിലവാരമുള്ള ഏതെങ്കിലും ലീഗ്, ഫസ്റ്റ് ക്ലാസ് ടീം, നാഷണല്‍ എ ടീം എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ പരിശീലകനായി മൂന്ന് വര്‍ഷം പരിചയം.
30 ടെസ്റ്റ് മത്സരങ്ങള്‍ അല്ലെങ്കില്‍ 50 ഏകദിന മത്സരങ്ങള്‍ കളിച്ചിരിക്കണം, ബിസിസിഐ ലെവല്‍ 3 സര്‍ട്ടിഫിക്കേഷന്‍, 60 വയസ്സില്‍ കുറഞ്ഞവരായിരിക്കണം തുടങ്ങിയവയാണ് നിബന്ധനകള്‍.

ഈ മാനദണ്ഡങ്ങളില്‍ രണ്ട് കാര്യങ്ങളില്‍ മാത്രമാണ് സെവാഗിനെയും ഗാംഗുലിയെയും പരിഗണിക്കാന്‍ പറ്റുന്നത്. ഇരുവരും 60 വയസ്സില്‍ കുറഞ്ഞവരും ആവശ്യമുള്ള ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ കളിച്ചവരുമാണ്. ഒരു ടീമിന്റെയും മുഖ്യ പരിശീലകരായി ഇരുവരും ഇത് വരെ പ്രവര്‍ത്തിച്ചിട്ടില്ല. ഗാംഗുലി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേശകനാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിനായി ഇതേ പോസ്റ്റില്‍ സെവാഗും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ പരിശീലക സ്ഥാനത്ത് പരിചയസമ്പത്ത് ഇല്ലാത്തതിനാല്‍ ഇത്തവണ ഇരുവര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല.

ലോകകപ്പിലെ സെമിയിലെ പരാജയത്തിന് ശേഷം ഇന്ത്യ നിലവിലുള്ള പരിശീലകന്‍ രവി ശാസ്ത്രിക്ക് 45 ദിവസം കൂടി കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് രവി ശാസ്ത്രിയും അതേ സപ്പോര്‍ട്ട് സ്റ്റാഫും തന്നെയായിരിക്കും ഉണ്ടാവുക. എന്നാല്‍ രവി ശാസ്ത്രിക്ക് സ്ഥാനത്ത് തുടരണമെങ്കില്‍ വീണ്ടും അപേക്ഷിക്കണം. ശാസ്ത്രി വീണ്ടും അപേക്ഷിച്ചാല്‍ പോലും അദ്ദേഹം തുടരുമോയെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.

- Advertisement -