സ്‌കൂള്‍ക്കുട്ടികള്‍ക്ക് ഇവയൊന്നും നല്‍കാന്‍ മറക്കല്ലേ…

0

മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നു. കുട്ടികള്‍ക്ക് ആരോഗ്യകരമായി എന്താണ് കഴിക്കാന്‍ നല്‍കുക എന്ന ആശങ്കയിലാകും അമ്മമാര്‍. കുട്ടികളുടെ ഭക്ഷണം ഗുണമറിഞ്ഞ് നല്‍കിയാല്‍ പഠനത്തില്‍ മികവു പുലര്‍ത്താനും എവിടെയും സ്മാര്‍ട്ടാകാനും കുട്ടികള്‍ക്കു സാധിക്കും. ശരീരം ആഗിരണം ചെയ്യുന്ന ആഹാരവസ്തുക്കളില്‍നിന്നാണ് ഓരോ സെല്ലുകളും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം സംഭരിക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും ഈ ഊര്‍ജ്ജത്തെ കേന്ദ്രീകരിച്ചാണ്. ആധുനികശാസ്ത്രം പല ഭക്ഷ്യയിനങ്ങളും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനുതകുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇത്തരത്തില്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനികളാണ് ചുവടെ,

പാലും പാലുല്‍പ്പന്നങ്ങളും; പ്രോട്ടീനും വൈറ്റമിന്‍ ബിയും അടങ്ങിയിട്ടുള്ള പാല്‍ വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് നല്ലൊരു സമീകൃതാഹാരമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇതു സഹായകമാണ്.

മുട്ട; നല്ലൊരു പ്രോട്ടീന്‍ സ്രോതസായ മുട്ടയിലെ മഞ്ഞക്കരുവിന് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രാതലിന് മുട്ട കൂടി ഉള്‍പ്പെടുത്തുന്നത് കുട്ടികള്‍ക്ക് നല്ലതാണ്. ആഴ്ചയിലൊരിക്കലെങ്കിലും മുട്ട കൊടുക്കാന്‍ ശ്രദ്ധിക്കണം.

കടല; കടലയിലും കടലമാവിലും വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെയും നെര്‍വസ് സിസ്റ്റത്തിന്റെയും പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജ്ജത്തിന് ഗല്‍ക്കോസ് ഉല്പാദിപ്പിക്കാന്‍ കടലയിലടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഘടകത്തിനു കഴിയുന്നു. അതുകൊണ്ട് കുട്ടികളുടെ ഭക്ഷണത്തില്‍ കടല ഉള്‍പ്പെടുത്താം.

ധാന്യങ്ങള്‍; നിശ്ചിത അളവിലുള്ള ഗല്‍ക്കോസ് തലച്ചോറിലേക്കു തുടര്‍ച്ചയായി വിതരണം ചെയ്തുകൊണ്ടിരിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ പോഷകങ്ങള്‍ നാരുകളും വിറ്റാമിന്‍ ബി യും അടങ്ങിയിട്ടുള്ള ധാന്യങ്ങളിലുണ്ട്. അരിയും ഉഴുന്നും ചേര്‍ത്തുണ്ടാക്കുന്ന ഇഡ്ഡ്ലി കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല പ്രാതലാണ്. രാത്രിഭക്ഷണം ഗോതമ്പുചപ്പാത്തിയോ ഗോതമ്പുകഞ്ഞിയോ ആണ് ഉത്തമം.

ചെറുപഴങ്ങള്‍; ഞാവല്‍പ്പഴം മുതല്‍ മുന്തിരി വരെയുള്ള ചെറുപഴങ്ങളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കുന്ന ആന്റി ഓക്സിഡന്റായ വൈറ്റമിന്‍ സി ബെറികളില്‍ അടങ്ങിയിട്ടുണ്ട്. ഐസ്‌ക്രീം, കേക്ക് തുടങ്ങിയവയുടെ രുചി കൂട്ടാന്‍ ഇന്ന് ചെറി, സ്ട്രോബറി തുടങ്ങിയ പഴങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന ഈ ചെറുപഴങ്ങള്‍ ഓരോ സീസണിലും പഠിക്കുന്ന കുട്ടികള്‍ക്ക് കൊടുക്കാം. സീസണല്‍ പഴങ്ങള്‍ കൂടുതല്‍ സുരക്ഷിതവുമാണ്.

പയറുവര്‍ഗ്ഗങ്ങള്‍; സവിശേഷമായ ഒരു ഭക്ഷ്യോല്‍പ്പന്നമാണ് ബീന്‍സ് അഥവാ പയര്‍. കാരണം നാരും പ്രോട്ടീനും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ധാരാളം വിറ്റാമിനുകളും മിനറല്‍സും ബീന്‍സിലുണ്ട്. ചിന്താശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ബീന്‍സ് കഴിച്ചാല്‍ ഉച്ചയ്ക്കുശേഷവും കുട്ടികള്‍ ഊര്‍ജ്ജസ്വലരായി കാണപ്പെടും.

കടുംനിറമുള്ള പച്ചക്കറികള്‍; ബീറ്റ്റൂട്ട്, തക്കാളി, മധുരക്കിഴങ്ങ്, മത്തങ്ങ, കാരറ്റ്, സ്പിനാച്ച് തുടങ്ങിയ കടുംനിറമുള്ള പച്ചക്കറികള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉപയോഗത്തിലൂടെ തലച്ചോറിലെ കോശങ്ങള്‍ക്കു ശക്തിയും ആരോഗ്യവും ലഭിക്കുന്നു.

മാംസം; കുട്ടികള്‍ സ്‌കൂളില്‍ സ്മാര്‍ട്ടാകാനും ഏകാഗ്രതയോടെ ഇരിക്കാനും ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. ബീഫില്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന സിങ്ക് ധാരാളമടങ്ങിയിട്ടുണ്ട്. വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ക്ക് കറുത്ത പയര്‍, സോയ എന്നിവ ബീഫിനു ബദലായി ഉപയോഗിക്കാവുന്നതാണ്.

മല്‍സ്യം: കേരളത്തില്‍ സുലഭമായി ലഭിക്കുന്ന മത്തിയിലും നത്തോലി പോലുള്ള ചെറുമല്‍സ്യങ്ങളിലും ധാരാളം പോഷകഘടകങ്ങളുള്ളതിനാല്‍ പഠിക്കുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഇവ നല്‍കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ഉപ്പിന്റെ അംശം കൂടിയ ഉണക്കമത്സ്യങ്ങള്‍ ഒഴിവാക്കാം.

നിങ്ങളുടെ കുട്ടികള്‍ ഇനി ആരോഗ്യകരമായി കഴിക്കട്ടെ…

- Advertisement -