ലങ്കാദഹനം കഴിഞ്ഞു;ഇനി പോരാട്ടം ‘കിവി’പ്പടയോട്

0

ലങ്കാദഹനം കഴിഞ്ഞ് വിജയകാഹളം മുഴുക്കി കോഹ്ലിപ്പട സെമിഫൈനലിലേക്ക്. സെമി ഉറപ്പിച്ച ഇന്ത്യന്‍ ടീമും എല്ലാപ്രതീക്ഷകളും അസ്തമിച്ചുകഴിഞ്ഞ ശ്രീലങ്കയും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഇന്ത്യ നേടിയത് ഏഴ് വിക്കറ്റിന്റെ വിജയം.ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍ വിജയലക്ഷ്യം മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി 38 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ഇന്ത്യ മറികടന്നത്. ശ്രീലങ്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് നേടിയ ശ്രീലങ്കയെ 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സോടെ ഇന്ത്യ മറികടക്കുകയായിരുന്നു.
പതിയെ തുടങ്ങിയെങ്കിലും ആക്രമണകാരിയായി മാറിയ രോഹിത് ശര്‍മയാണ് ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചത്. ഒപ്പം പിന്തുണയുമായി കെ എല്‍ രാഹുലും.
ലങ്കയ്ക്ക് ആദ്യ വിക്കറ്റ് സ്വന്തമാക്കാന്‍ 30ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും സെഞ്ചുറി നേടി ടീമിന്റെ വിജയം രോഹിത് ശര്‍മ ഉറപ്പിച്ച് കഴിഞ്ഞിരുന്നു. 94 പന്തില്‍ 103 റണ്‍സാണ് ഹിറ്റ്മാന്‍ നേടിയത്. രോഹിതിന് പിന്നാലെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത രാഹുലും അധികം വൈകാതെ സെഞ്ചുറിയിലേക്കെത്തി. 109 പന്തില്‍ 111 റണ്‍സ് നേടി രാഹുല്‍ ലോകകപ്പിലെ ആദ്യ സെഞ്ചുറി നേട്ടം പേരിലെഴുതി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയെ കാത്തിരുന്നത് ജസ്പ്രീത് ബുമ്രയുടെ തീപാറുന്ന പന്തുകളായിരുന്നു.രണ്ടാം ഓവറില്‍ തന്നെ ശ്രീലങ്കന്‍ നായകനെ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈകളില്‍ എത്തിച്ച ബൂമ്ര ആദ്യ രണ്ട് ഓവര്‍ ഒരു റണ്‍സ് പോലും വഴങ്ങാതെയാണ് പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കായി 10 ഓവറില്‍ 37 റണ്‍സ് വഴങ്ങിയാണ് ബുമ്ര മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
സെമിഫൈനലില്‍ ഇന്ത്യ നേരിടുക ന്യൂസിലാന്റിനെയാണ്.ചൊവ്വാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം മൂന്ന് മണിക്കാണ് മത്സരം.

- Advertisement -