പോരാളിയായി ജഡേജ,കൂട്ടാളിയായി ധോണിയും, പക്ഷെ…

0

92 റണ്‍സില്‍ ആറുവിക്കറ്റ് നഷ്ടവുമായി ഇന്ത്യ തോല്‍വിയുടെ വക്കത്ത് നില്‍ക്കുമ്പോഴാണ് ജഡേജ കളത്തിലിറങ്ങുന്നത്. കൂട്ടിന് ധോണിയും. ആ നിമിഷം മുതലാണ് ഇന്ത്യ വീണ്ടും വിജയം സ്വപ്‌നം കണ്ടു തുടങ്ങിയത്. ഒരു വശത്ത് ധോണി പതിയെ സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ മറുവശത്ത് ജഡേജ അതിവേഗത്തില്‍ തന്നെ റണ്ണുയര്‍ത്തി.
അര്‍ധ സെഞ്ചുറി നേടി ജഡേജ വിമര്‍ശകരെ ഒന്നൊന്നായി ബൗണ്ടറിക്ക് അപ്പുറം കടത്തി. ഇതോടെ ആവേശകരമായ മത്സരത്തിലേക്ക് ഇന്ത്യ തിരികെയെത്തി. നൂറ് റണ്‍സ് കൂട്ടുകെട്ടും കടന്ന് ധോണിജഡേജ സഖ്യം മുന്നേറിയതോടെ കിവികളുടെ മുഖത്ത് ആശങ്ക നിഴലിച്ചു. എന്നാല്‍, ധോണിക്ക് ബൗണ്ടറികള്‍ കണ്ടെത്താനാകാതെ പോയ സമ്മര്‍ദത്തില്‍ വമ്പനടിക്ക് ശ്രമിച്ച ജഡേജയ്ക്ക് പിഴച്ചു. 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്ത്.
പിന്നീട് സിക്‌സ് അടിച്ച് പ്രതീക്ഷ വര്‍ധിപ്പിച്ച ധോണി 48ാം ഓവറില്‍ അനാവശ്യ റണ്ണിന് വേണ്ടി ഓടി റണ്‍ഔട്ടായതോടെ കിവികള്‍ വിജയം ഉറപ്പിച്ചു. 72 പന്തില്‍ 50 റണ്‍സായിരുന്നു ധോണിയുടെ സംഭാവന.
240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ തുടക്കത്തിലെ ഞെട്ടിച്ചാണ് ന്യൂസിലന്‍ഡ് ആരംഭിച്ചത്. ടൂര്‍ണമെന്റില്‍ ഏറ്റവും ഫോമിലുള്ള ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെ വീഴ്ത്തിയായിരുന്നു കിവികളുടെ തിരിച്ചടിയുടെ തുടക്കം. പിന്നീട് മത്സരത്തിലുടനീളം ഇത് നിഴലിച്ചു. ഇതിനിടയില്‍ പ്രതീക്ഷയുടെ നേരിയ വെളിച്ചമെങ്കിലും കണ്ടത് ധോണി- ജഡേജ കൂട്ടുകെട്ടിലായിരുന്നു. പക്ഷെ അതും പിഴച്ചു…

- Advertisement -