‘ജസിന്‍ഡ മാനിയ’ യെക്കുറിച്ച് കേട്ടിട്ടുണ്ടോ?

0


2017ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ ന്യൂസീലന്‍ഡില്‍ അധികാരത്തിലെത്തിച്ചപ്പോള്‍ മുതല്‍ ചെറുപ്പക്കാരിയായ ഒരു രാഷ്ട്രീയ നേതാവ് വാര്‍ത്തകളില്‍ നിറഞ്ഞു തുടങ്ങി. തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം വഹിക്കെ തന്നെ കുഞ്ഞിനു ജന്മം നല്‍കിയപ്പോഴും ഐക്യരാഷ്ട്ര സംഘടന ജനറല്‍ അസംബ്ലിയില്‍ 3 മാസം മാത്രം പ്രായമുള്ള തന്റെ മകളുമായി പങ്കെടുത്തപ്പോഴും ആ വ്യക്തിത്വത്തെയും നിലപാടുകളെയും ലോകം കൂടുതല്‍ അടുത്തറിഞ്ഞു. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തോടെ അത് പൂര്‍ണമായി. ഇപ്പോള്‍ ആളെ മനസ്സിലായി കാണുമല്ലോ? അതേ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍ തന്നെ. മുപ്പത്തെട്ടുകാരിയായ ജസിന്‍ഡ ആര്‍ഡേനുമായി ബന്ധപ്പെട്ട എന്തിനും മാധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന പ്രയോഗമെന്താണന്നോ ‘ജസിന്‍ഡ മാനിയ’.
കൊള്ളാമല്ലേ. എന്തായാലും നിലപാടകളെ വ്യത്യസ്തതകൊണ്ടും സത്യന്ധതകൊണ്ടും അംഗീകരിക്കപ്പെടേണ്ടതും അനുകരണീയമാക്കേണ്ടതുമായ വ്യക്തിത്വം തന്നെയാണ് ജസിന്‍ഡ.
ദാരുണവും ക്രൂരവുമായ ഭീകരാക്രമണത്തിന് ഇരയായ സ്വന്തം രാജ്യത്ത് അതികര്‍ശനമായ ആയുധനിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഒടുവില്‍ ജസിന്‍ഡ മാതൃകയായത്. രണ്ട് മസ്ജിദുകളില്‍ അതിക്രമിച്ചു കയറിയ വെള്ളക്കാരനായ ഭീകരന്‍ നടത്തിയ അതിക്രൂരമായ വെടിവയ്പ്പില്‍ 50 പേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ന്യൂസീലന്‍ഡിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് രാജ്യം നടുങ്ങിവിറച്ച സന്ദര്‍ഭത്തില്‍ ജസിന്‍ഡ പ്രകടിപ്പിച്ച ശാന്തതയും നിശ്ചയദാര്‍ഢ്യവും കരുതലുമെല്ലാം മാതൃകാപരവും പുരോഗമനപരവുമായ നേതൃഗുണങ്ങളായാണു വിലയിരുത്തപ്പെട്ടത്. അക്രമസംഭവത്തെത്തുടര്‍ന്നു തലസ്ഥാന നഗരിയായ വെല്ലിങ്ടണില്‍ നിന്നു ക്രൈസ്റ്റ് ചര്‍ച്ചിലെത്തിയ ജസിന്‍ഡ കറുത്ത ശിരോവസ്ത്രമണിഞ്ഞ് ഇരകളുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന ചിത്രങ്ങള്‍ ലോകമാധ്യമങ്ങളിലെല്ലാം ചര്‍ച്ചയായി.


”ന്യൂസീലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനം. ഞങ്ങള്‍ ബഹുസ്വരതയെയും കാരുണ്യത്തെയും കരുതലിനെയും പ്രതിനിധീകരിക്കുന്നു. ഞങ്ങളുടെ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരുടെ വീടാണു ന്യൂസിലന്‍ഡ്. ആവശ്യമുള്ളവരുടെ അഭയസ്ഥാനം. ആ മൂല്യങ്ങള്‍ അട്ടിമറിക്കാന്‍ ഈയൊരു ആക്രമണത്തിലൂടെ കഴിയുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു തെറ്റിപ്പോയിരിക്കുന്നു”. ജസിന്‍ഡ ആക്രമണത്തിനു ശേഷം ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. ഇരകളെല്ലാം ‘ഞങ്ങളില്‍പ്പെട്ടവര്‍’ തന്നെയാണ് എന്ന് അക്രമത്തിനു ശേഷം ജസിന്‍ഡ ഓരോ പ്രസംഗങ്ങളിലും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. അക്രമി ഞങ്ങളിലൊരുവനല്ല എന്നും എടുത്തു പറയാന്‍ ശ്രദ്ധിച്ചു.
അധികാരത്തിലിരിക്കെ അമ്മയായ ലോകത്തിലെ രണ്ടാമത്തെ പ്രധാനമന്ത്രിയാണു ജസിന്‍ഡ. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയാണ് ആദ്യത്തെയാള്‍. 1990 ജനുവരിയില്‍ പ്രധാനമന്ത്രിയായിരിക്കെയാണ് ബേനസീര്‍ മകള്‍ ബക്താവറിനു ജന്മം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജസിന്‍ഡയ്ക്കും ഭര്‍ത്താവും ടിവി അവതാരകനുമായ ക്ലാര്‍ക്ക് ഗേയ്‌ഫോര്‍ഡിനും പെണ്‍കുഞ്ഞ് പിറന്നത്.

തുടര്‍ന്ന് ജസിന്‍ഡ ആറു മാസം പ്രസവാവധിയില്‍ പ്രവേശിച്ചു. ഉപ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സിനായിരുന്നു അക്കാലത്തു പ്രധാനമന്ത്രിയുടെ ചുമതല. 10 വര്‍ഷം ന്യൂസീലന്‍ഡില്‍ അധികാരത്തിലിരുന്ന നാഷനല്‍ പാര്‍ട്ടിയെ തറപറ്റിച്ചാണു ആര്‍ഡേന്‍ നയിച്ച ലേബര്‍ പാര്‍ട്ടി രണ്ടു വര്‍ഷം മുന്‍പ് ന്യൂസീലന്‍ഡില്‍ അധികാരത്തിലെത്തിയത്. ജസിന്‍ഡയുടെ വ്യക്തിപ്രഭാവം തന്നെയായിരുന്നു അന്ന് ആ ചരിത്രവിജയത്തിനു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ന്യൂസീലന്‍ഡിലെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു ജസിന്‍ഡ ആര്‍ഡേന്‍. ഒന്നര നൂറ്റാണ്ടിനിടെ ആ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയും.


തുടരുന്ന കൂട്ടക്കൊലകള്‍ക്കു ശേഷവും കര്‍ശന തോക്ക് നിയന്ത്രണമോ നിരോധനമോ നടപ്പാക്കാന്‍ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും മടിക്കുമ്പോഴും ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ രാജ്യത്ത് തോക്ക് നിരോധനം പ്രഖ്യാപിച്ച് ജസിന്‍ഡ ആര്‍ഡേന്‍ തന്റെ നിലപാടുകളോടുള്ള നിശ്ചദാര്‍ഢ്യം വെളിവാക്കി. സൈനികാവശ്യത്തിനുപയോഗിക്കുന്ന തരത്തിലുള്ള മുഴുവന്‍ സെമി ഓട്ടമാറ്റിക് തോക്കുകളും ആക്രമണ റൈഫിളുകളും കയ്യില്‍ വയ്ക്കുന്നതിനാണ് ഏപ്രില്‍ മുതല്‍ ന്യൂസീലന്‍ഡില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇവ കൈവശമുള്ളവര്‍ പ്രത്യേക പദ്ധതികള്‍ വഴി പൊലീസില്‍ തിരിച്ചേല്‍പ്പിക്കാന്‍ സമയപരിധിയും ഏര്‍പ്പെടുത്തി. അതിനുശേഷവും തോക്കുകള്‍ കൈവശം വച്ചാല്‍ 4000 ന്യൂസീലന്‍ഡ് ഡോളര്‍ പിഴയും 3 വര്‍ഷം വരെ തടവുമാണു ശിക്ഷ.
അതേ ജസിന്‍ഡയുടെ നിലപാടുകള്‍ വേറിട്ടതാണ്, കൃത്യതയുള്ളതും. നമ്മുടെ നേതാക്കള്‍ക്കും ഇത്തരത്തിലൊരു ജസിന്‍ഡ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാം…

- Advertisement -