ജോസ് കെ മാണിയും പി ജെ ജോസഫും പരസ്യ ഏറ്റുമുട്ടലിലേക്ക്

0

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പദവിയെ ചൊല്ലി ജോസ് കെ മാണിയും പി ജെ ജോസഫും പരസ്യ ഏറ്റുമുട്ടലിലേക്ക്. സമവായത്തിലൂടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന പി ജെ ജോസഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, സംസ്ഥാന കമ്മറ്റിയില്‍ തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടുമായി ജോസ് കെ മാണി രംഗത്തെത്തി. കോട്ടയത്ത് നടന്ന കെ എം മാണി അനുസ്മരണത്തിന് ശേഷമാണ് ജോസ് കെ മാണി പക്ഷം നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.
സംസ്ഥാന സമിതി വിളിക്കണമെന്ന ചിലരുടെ ആവശ്യത്തില്‍ തെറ്റില്ലെന്നും, എന്നാല്‍ അതിനു മുന്‍പ് മറ്റു പല സമിതികളും ചേരുമെന്നും മാണി അനുസ്മരണ യോഗ ശേഷം ജോസഫ് വ്യക്തമാക്കി. പ്രശ്നങ്ങള്‍ സമവായത്തിലൂടെ രമ്യമായി പരിഹരിക്കുമെന്ന് ജോസഫ് ആവര്‍ത്തിച്ചു. തൊട്ടു പിന്നാലെയാണ് ജോസഫിനെ തള്ളി ജോസ് കെ മാണി രംഗത്തെത്തിയത്. സംസ്ഥാന കമ്മിറ്റി വിളിക്കുന്ന തീരുമാനം പിജെ ജോസഫ് നീട്ടിക്കൊണ്ടു പോയാല്‍ വരും ദിവസങ്ങളില്‍ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ കനത്തേക്കും.

- Advertisement -