ധോണിയും മിതാലിയും സഹോദരങ്ങളാണ്; പക്ഷേ ക്രിക്കറ്റ് കളിക്കില്ല, മനുഷ്യരുമല്ല!

0

കരടിക്കുഞ്ഞുങ്ങള്‍ക്ക് മഹേന്ദ്ര സിംഗ് ധോണിയുടെയും മിതാലി രാജിന്റെയും പേരിട്ട് കര്‍ണാടക വനം വകുപ്പ്. തുമകുരുവില്‍ നിന്ന് ഈയിടെ കണ്ടെത്തിയ രണ്ട് തേന്‍ കരടി കുഞ്ഞുങ്ങള്‍ക്കാണ് ക്രിക്കറ്റ് താരങ്ങളുടെ പേരിട്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ആദര സൂചകമായാണ് കരടിക്കുഞ്ഞുങ്ങള്‍ക്ക് ക്രിക്കറ്റ് താരങ്ങളുടെ പേരിട്ടതെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.

മഹേന്ദ്ര സിംഗ് ധോണിയുടെ ചെല്ലപ്പേരായ മഹി എന്നാണ് ഒന്നിന്റെ പേര്. മറ്റൊന്നിന് മിതാലി എന്നുമാണ് പേര്.

മഹേന്ദ്ര സിംഗ് ധോണി, മിതാലി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഐസിസി റാങ്കിംഗില്‍ മൂന്നാം സ്ഥാനം വരെ എത്തിക്കുന്നതില്‍ മിതാലി വഹിച്ച പങ്കിനുള്ള സമ്മാനമായാണ് പെണ്‍ കരടിക്കുഞ്ഞിന് ഇവരുടെ പേര് നല്‍കിയത്.
ഝാര്‍ഖണ്ഡിലെ ചെറുപട്ടണത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടും തൂണായി മാറിയ മഹേന്ദ്ര സിംഗ് ധോണിയോടുള്ള ആദരവായാണ് അദ്ദേഹത്തിന്റെ ചെല്ലപ്പേര് നല്‍കിയത്.

എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ കരുത്തുള്ളവരാണ് ഈ രണ്ട് ക്രിക്കറ്റ് താരങ്ങളെന്നും, ഈ കരടിക്കുഞ്ഞുങ്ങളും ഇവരെ പോലെയാണെന്നുമാണ് വനം വകുപ്പ് പറയുന്നത്.

ബെംഗലുരുവിനടുത്ത് ബന്നര്‍ഗട്ട കരടി രക്ഷാ കേന്ദ്രത്തിലാണ് ഇവയെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്. തുമകുരുവില്‍ 20 അടി താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ നിന്നാണ് അടുത്തിടെ ഈ കരടിക്കുഞ്ഞുങ്ങളെ രക്ഷിച്ചത്. രണ്ട് ദിവസത്തോളം ഇവ കിണറ്റില്‍ കിടന്നിരുന്നു. കിണറ്റിലേക്ക് വീണ് സാരമായി പരിക്കേറ്റ അമ്മക്കരടി വെള്ളവും ഭക്ഷണവും കിട്ടാതായതോടെ ചത്തുപോയി.

കര്‍ഷകരാണ് കിണറ്റില്‍ നിന്ന് കരടിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇവയെ, പിന്നീട് വനം വകുപ്പ് ഏറ്റെടുക്കുകയായിരുന്നു.

- Advertisement -