കേരളത്തില്‍ ഇത്തവണ അഞ്ചു ദിവസം കൊണ്ട് പെയ്തത് കഴിഞ്ഞ പ്രളയകാലത്തേക്കാള്‍ മഴ!

0

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴുമുതല്‍ 11 വരെയുളള അഞ്ചുദിവസങ്ങളില്‍ കേരളത്തില്‍ പെയ്ത മഴ കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്തെക്കാള്‍ കൂടുതലെന്ന് റിപ്പോര്‍ട്ട്. 476.7 മില്ലിമീറ്റര്‍ മഴയാണ് ഈ ദിവസങ്ങളില്‍ പെയ്തത്.

കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തില്‍ ഏറ്റവും മഴ പെയ്തത് ഓഗസ്റ്റ് 14 മുതല്‍ 17 വരെയുളള നാലുദിവസമായിരുന്നു. അന്ന് 339.9 മില്ലിമീറ്റര്‍ മഴയാണുണ്ടായത്. മഴ ഏറ്റവും രൂക്ഷമായ ദിവസങ്ങള്‍ മാത്രമെടുത്താല്‍ ഈ വര്‍ഷമാണ് കൂടുതല്‍ പെയ്തതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ റിസര്‍ച്ച് ഫെലോ രാജീവന്‍ എരിക്കുളം പറഞ്ഞു.

ഈ വര്‍ഷം ഓഗസ്റ്റില്‍ മുഴുവനായി കിട്ടേണ്ടിയിരുന്നത് 419.5 മില്ലിമീറ്റര്‍ മഴയാണ്. 13 ദിവസം കൊണ്ടുതന്നെ 598.6 മില്ലിമീറ്റര്‍ ആയി. ഓഗസ്റ്റ് 13 വരെ 212 മില്ലിമീറ്റര്‍ മഴയായിരുന്നു കിട്ടേണ്ടത്. 182 ശതമാനം വര്‍ധനയാണ് മഴയില്‍ ഉണ്ടായത്. കുറഞ്ഞദിവസങ്ങളിലുണ്ടാകുന്ന ഇത്തരം കനത്തമഴകളാണ് നാശം വിതയ്ക്കുന്നത്.

കാലവര്‍ഷത്തിന്റെ തുടക്കമായ ജൂണില്‍ 649.8 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 358.5 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. അതായത് മഴയില്‍ 44 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ജൂലായിലും സംസ്ഥാനത്ത് മഴയില്‍ കുറവുണ്ടായി. 21 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഓഗസ്റ്റില്‍ 13 വരെയുളള കണക്കനുസരിച്ച് 182 ശതമാനത്തിന്റെ വര്‍ധനയാണ് മഴയില്‍ രേഖപ്പെടുത്തിയത്.

അതേസമയം എട്ടുജില്ലകളില്‍ മഴ കൂടിയപ്പോള്‍ ഇടുക്കി ഉള്‍പ്പെടെ ആറുജില്ലകളില്‍ മഴ ഇപ്പോഴും കുറവാണ്. വരും ദിവസങ്ങളില്‍ ഇത് നികത്തപ്പെട്ടേക്കാമെന്നാണ് കണക്കുകൂട്ടല്‍.

- Advertisement -