തൊപ്പി മാറ്റാന്‍ ഒരുങ്ങി കേരളാ പൊലീസ്

0


കേരള പൊലീസില്‍ തൊപ്പി മാറ്റാന്‍ തീരുമാനമായി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലാണു തീരുമാനമെടുത്തത്.
ഇപ്പോഴുള്ള പി (Pea) തൊപ്പികള്‍ക്കു പകരം ബറേ തൊപ്പികളായിരിക്കും ഇനി എല്ലാ ഉദ്യോഗസ്ഥരും ഉപയോഗിക്കുക. നിലവില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു മാത്രമേ ബറേ തൊപ്പി ഉപയോഗിക്കാന്‍ അനുമതിയുള്ളൂ.
തീരുമാനം നടപ്പാകുന്നതോടെ സിപിഒ മുതല്‍ സിഐവരെയുള്ളവര്‍ക്കു കൂടി ബറേ തൊപ്പി ലഭിക്കും. താഴ്ന്ന റാങ്കിലുള്ളവര്‍ക്കു കറുപ്പും എസ്‌ഐ, സിഐ റാങ്കിലുള്ളവര്‍ക്കു നേവി ബ്ലു തൊപ്പിയുമാണു ലഭിക്കുക. ഡിവൈഎസ്പി മുതല്‍ മുകളിലുള്ളവര്‍ക്കു നിലവിലുള്ള റോയല്‍ ബ്ലു നിറത്തിലെ തൊപ്പി തുടരും.
സംഘര്‍ഷ മേഖലകളിലും മറ്റും നടപടികളിലേക്കു കടക്കുമ്പോള്‍ ഇപ്പോഴുള്ള പി തൊപ്പ് തലയില്‍ നിന്നു വീഴുന്നതു പതിവാണെന്നും ഇതു സംരക്ഷിക്കാന്‍ പാടുപെടേണ്ടി വരുന്നുവെന്നും നേരത്തെ തന്നെ കേരള പൊലീസ് അസോസിയേഷനും ഓഫിസേഴ്‌സ് അസോസിയേഷനും അറിയിച്ചിരുന്നു. കടുത്ത ചൂടുകാലത്തും മറ്റും ഇത്തരം തൊപ്പി ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിച്ചാണു ബറേ തൊപ്പിയിലേക്കുള്ള മാറ്റം.

- Advertisement -