വിവാദ കാര്‍ട്ടൂണ്‍ പിന്‍വലിക്കില്ലെന്ന് അക്കാദമി

0

വിവാദമായ ലളിതാകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് ദാനത്തില്‍ നിലപാട് കടുപ്പിച്ച് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്. വിഷയത്തില്‍ ജൂറിയുടെ നിലപാടിനൊപ്പമാണ് അക്കാദമി നില്‍ക്കുന്നത്.ക്രൈസ്തവ വിശ്വാസിളുടെ മതപരമായ ചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നു പരാതി ലഭിച്ചതിനെ തുടര്‍ന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ തീരുമാനം പു:നപരിശോധിക്കണമെന്ന് അക്കാദമിക്ക് നിര്‍ദ്ദേശം നല്‍കിയതിെന്റ പശ്ചാത്തലത്തിലാണ് അക്കാദമി തീരുമാനം വെളിപ്പെടുത്തിയത്.

മന്ത്രിയുടെ നിര്‍ദേശവും ചില ക്രൈസ്തവ സംഘടനകളുടെ എതിര്‍പ്പും തള്ളിക്കൊണ്ടാണ് അക്കാദമി അവാര്‍ഡ് നിര്‍ണയം ശരിവച്ചിരിക്കുന്നത്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഏതെങ്കിലും മതവിഭാഗത്തെയോ ആളുകളെയോ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആവശ്യമെങ്കില്‍ മാത്രം ഭരണഘടനാപരമായി നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യാമെന്നും നേമം പുഷ്പരാജ് അറിയിച്ചു. രാജ്യവിരുദ്ധമാണോ ന്യൂനപക്ഷ വിരുദ്ധമാണോ എന്നിങ്ങനെയുള്ള കാര്യങ്ങളും പരിശോധിച്ചുവെന്നും അക്കാദമി അംഗങ്ങള്‍ അറിയിച്ചു.

അവാര്‍ഡ് നിര്‍ണയത്തില്‍ പൂര്‍ണ്ണമായ സുതാര്യതയും സത്യസന്ധതയും വേണമെന്നാണ് അക്കാദമിയുടെ തീരുമാനം. ആദ്യറൗണ്ട് സെലക്ഷന്‍ തന്നെ ഏറ്റവും പ്രഗത്ഭരായ അംഗങ്ങളെയാണ് അക്കാദമി നിയോഗിച്ചത്. അന്തിമ റൗണ്ടിലും അങ്ങനെ തന്നെയാണ് നടന്നത്. അക്കാദമിയുടെ ഒരു താല്‍പര്യവും ഈ സമിതി വന്നശേഷം അവാര്‍ഡ് നിര്‍ണയത്തില്‍ വന്നിട്ടില്ലെന്നും അംഗങ്ങള്‍ അറിയിച്ചു.

- Advertisement -