മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്: കുട്ടികളിലെ പഠനത്തകരാറിന് കാരണക്കാര്‍ നിങ്ങള്‍ തന്നെയാണ്

0


എന്റെ കുട്ടി പഠിക്കുന്നില്ല, അവന് ഒരു ബോധവുമില്ല, ഒന്നിനും കൊള്ളില്ല എന്നൊക്കെ പറഞ്ഞ് സ്വന്തം കുട്ടികളെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ തരം താഴ്ത്തുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്. കുട്ടികളിലെ പഠനവൈകല്യങ്ങള്‍ക്ക് കാരണക്കാര്‍ നിങ്ങള്‍ തന്നെയാണ്.
പഠനത്തകരാറുകള്‍ക്കു പിന്നിലുള്ള മസ്തിഷ്‌കപ്രശ്‌നങ്ങള്‍ പല കാരണം കൊണ്ടും വരാം. ഗര്‍ഭിണികള്‍ പുകവലിക്കുകയോ മദ്യപിക്കുകയോ പോഷകാഹാരമെടുക്കാതിരിക്കുകയോ ചെയ്യുക, ഗര്‍ഭകാലം മറ്റേതെങ്കിലും രീതിയില്‍ ദുരിതപൂര്‍ണമാവുക, കുട്ടി തൂക്കക്കുറവോടെ ജനിക്കുക എന്നിവ ഉദാഹരണങ്ങളാണ്. മാസമെത്താതെ ജനിക്കുകയോ പ്രസവസമയത്തു സങ്കീര്‍ണതകളുണ്ടാവുകയോ ചെയ്താലും പഠനത്തകരാറിനു സാദ്ധ്യത കൂടുന്നുണ്ട്.
ഭാഷാപരമായ കഴിവുകള്‍ നന്നായി വികസിക്കാന്‍ ഒരു മൂന്നുവയസ്സുവരെ പാട്ടുകേള്‍പ്പിക്കുകയോ സംസാരിക്കുകയോ വല്ലതും വായിച്ചുകൊടുക്കുകയോ ഒക്കെച്ചെയ്ത് കുഞ്ഞുതലച്ചോറുകളെ നന്നായി ഉത്തേജിപ്പിക്കേണ്ടതുണ്ടെന്നതിനാല്‍ ഇതു ലഭ്യമാവാതെ പോവുന്ന കുട്ടികള്‍ക്ക് പഠനത്തകരാറിനു സാദ്ധ്യത കൂടുന്നുണ്ട്. കുഞ്ഞുപ്രായത്തില്‍ തലക്കു പരിക്കേല്‍ക്കുകയോ ഈയമോ മെര്‍ക്കുറിയോ അമിതതോതില്‍ ശരീരത്തിലെത്തുകയോ ചെയ്താലും പ്രശ്‌നമാവാം. ജനിതകഘടകങ്ങള്‍ ഏറെ പ്രസക്തമായതിനാല്‍ പഠനത്തകരാറുള്ളവരുടെ മക്കള്‍ക്കും പ്രശ്‌നം പകര്‍ന്നുകിട്ടാം. ആണ്‍കുട്ടികളെ പഠനത്തകരാറു ബാധിക്കാനുള്ള സാദ്ധ്യത പെണ്‍കുട്ടികളുടേതിനേക്കാള്‍ മൂന്നിരട്ടിയുമാണ്.

അച്ഛനമ്മമാര്‍ക്കു ചെയ്യാനുള്ളത്:

തന്റെ വിഷമതകളെപ്പറ്റി കുട്ടി പറയുമ്പോഴൊക്കെ പൂര്‍ണശ്രദ്ധയോടെ കേള്‍ക്കുക.
കുട്ടിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും നേട്ടങ്ങളെ ആഘോഷിക്കുകയും ചെയ്യുക.
കുട്ടിക്കുള്ള ഇതര കഴിവുകളെ ആവുന്നത്ര നേരത്തേ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
നല്ല ഹോബികളും താല്പര്യങ്ങളും വളര്‍ത്തിയെടുക്കുന്നത് മോഹഭംഗങ്ങളെ അതിജയിക്കാനും ആസൂത്രണവും ഒത്തിണക്കവും ശീലിക്കാനും വ്യക്തിബന്ധങ്ങളും സ്വയംമതിപ്പും മെച്ചപ്പെടുത്താനും കുട്ടിക്കു തുണയാവും.
കുട്ടിയെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്താതിരിക്കുക. മാര്‍ക്കിനും റാങ്കിനും ഉപരിയായ ഒരു അസ്തിത്വം തനിക്കുണ്ട് എന്ന ബോദ്ധ്യം കുട്ടിയിലുളവാക്കുക.
പഠനത്തകരാറു പിടിപെട്ടവരെ പരിശീലിപ്പിക്കാന്‍ ഉപയുക്തമാക്കാവുന്ന നിരവധി മൊബൈല്‍ ആപ്പുകളും സോഫ്റ്റ്‌വെയറുകളും മറ്റും സൌജന്യമായിപ്പോലും ലഭ്യമാണ്. ഏതൊക്കെ മേഖലയിലാണ് കുട്ടിക്കു സഹായമാവശ്യമുള്ളത് എന്നതിനനുസരിച്ച് അനുയോജ്യമായ സാങ്കേതികസാമഗ്രികള്‍ ചികിത്സകരുമായി ചര്‍ച്ചചെയ്തു തെരഞ്ഞെടുക്കുക.
കുട്ടി അച്ചടക്കമില്ലാതെയോ ആശാസ്യമല്ലാത്ത രീതിയിലോ പെരുമാറുന്നെങ്കില്‍ അത് പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള ശ്രമത്തിന്റെ ഭാഗമാവാം എന്നോര്‍ക്കുക.

അദ്ധ്യാപകര്‍ക്കു ചെയ്യാനുള്ളത്:

മുന്‍നിരയില്‍ ഇരിപ്പിടം നല്‍കുക.
നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചു നല്‍കാനും കാഠിന്യമുള്ള ഭാഗങ്ങള്‍ വായിച്ചുകൊടുക്കാനും സഹപാഠികളിലാരെയെങ്കിലും ചട്ടംകെട്ടുക.
ക്ലാസിനൊന്നടങ്കം വല്ല ജോലികളും നല്‍കുമ്പോള്‍ കുട്ടി അത് ചെയ്തുതുടങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
ജോലികളെ ചെറിയ ഭാഗങ്ങളായി വിഭജിച്ചുനല്‍കുക.
ജോലികള്‍ തക്ക സമയത്ത്, യഥാവിധം തീര്‍ത്താല്‍ പ്രശംസിക്കുകയോ ചെറിയ സമ്മാനങ്ങള്‍ വല്ലതും നല്‍കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുകയോ ചെയ്യുക.
ജോലിയില്‍ പിഴവുകളുണ്ടെങ്കില്‍ അക്കാര്യം കുട്ടിയെ ഉടന്‍തന്നെ അറിയിക്കുക.
എഴുത്തും മറ്റും തീര്‍ക്കാന്‍ ലഞ്ചിന്റര്‍വെല്ലിലോ മറ്റോ അധികസമയം അനുവദിക്കുകയും വേണ്ട സൌകര്യങ്ങളൊരുക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
രചനാക്ലേശമുള്ളവര്‍ക്ക് എഴുത്തുപരീക്ഷക്കു പകരം വൈവ പരിഗണിക്കുക.
വിദഗ്ദ്ധസഹായം തേടാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുക.
പഠനത്തകരാറുകളുള്ള കുട്ടികള്‍ക്ക് വിവിധ ബോര്‍ഡുകള്‍ പരീക്ഷയെഴുത്തിലും മറ്റും അനുവദിക്കുന്ന ആനുകൂല്യങ്ങളും അതിന്റെ കൃത്യം മാനദണ്ഡങ്ങളും അറിഞ്ഞിരിക്കുക. മാതാപിതാക്കളെ ഇതേപ്പറ്റി കാലേക്കൂട്ടി ബോധവത്ക്കരിക്കുക.

കുട്ടികള്‍ പഠനത്തില്‍ പിന്നാക്കം പോവുന്നതിന്റെ പല കാരണങ്ങളില്‍ ഒന്നുമാത്രമാണ് പഠനത്തകരാറുകള്‍ എന്നോര്‍ക്കുക. പഠിത്തത്തില്‍ താല്പര്യമില്ലായ്ക, പ്രതികൂലമായ ഗൃഹാന്തരീക്ഷം, കുട്ടിയും സ്‌കൂളും തമ്മിലെ ചേര്‍ച്ചക്കുറവ് എന്നിങ്ങനെ നിരവധി മറ്റു ഘടകങ്ങളിലേതെങ്കിലുമാവാം ശരിക്കും വില്ലന്‍ എന്ന സാദ്ധ്യതയും പരിഗണിക്കുക.

കടപ്പാട്: ഡോ. ഷാഹുള്‍ അമീന്‍

- Advertisement -