വാര്‍ഷിക വരുമാനം 70 ലക്ഷം രൂപ; ജോലി സമൂസ കച്ചവടം; കണ്ണുതള്ളി ആദായനികുതി വകുപ്പ്

0


ഉത്തരേന്ത്യയിലെ പ്രധാന വിഭവമായ കച്ചോരി(സമൂസയുടെ ഒരു വകഭേതം) പലഹാരം കച്ചവടം ചെയ്യുന്ന തട്ടുകടക്കാരന്റെ വാര്‍ഷിക വരുമാനം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആദായനികുതി വകുപ്പ്. 70 ലക്ഷം മുതല്‍ ഒരു കോടിവരെയാകാം മുകേഷ് കുമാര്‍ എന്ന തട്ടുകടക്കാരന്റെ വാര്‍ഷിക വരുമാനം എന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.
കടയിലെ തിരക്ക് കണ്ട ഏതോ അസൂയക്കാരാണ് മുകേഷിന്റെ വരുമാനത്തെക്കുറിച്ച് ആദായനികുതി വകുപ്പിന് വിവരം കൊടുത്തത്. ഇതനുരിച്ചാണ് അധികൃതര്‍ മുകേഷിന്റെ കച്ചവടം നിരീക്ഷിച്ച് തുടങ്ങിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെ കിട്ടുന്ന കച്ചവടം കണക്കുകൂട്ടിയാല്‍ പ്രതിവര്‍ഷം 70 ലക്ഷത്തിന് മുകളില്‍ വരുമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്.
എന്തായാലും മുകേഷിന് പണികിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ. മുകേഷിന്റെ കട ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലന്ന് കണ്ടെത്തിയ ആദായനികുി വകുപ്പ് അദ്ദേഹത്തിന് നോട്ടീസ് അയച്ചു കഴിഞ്ഞു. പ്രതിവര്‍ഷം 40 ലക്ഷത്തിന് മുകളില്‍ വിറ്റുവരവുള്ള കച്ചവടക്കാര്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുക്കണമെന്നാണ് നിയമം. പാകം ചെയ്ത ഭക്ഷണം വില്‍ക്കുമ്പോള്‍ അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കണമെന്നാണ് നിയമമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതു പ്രകാരം ഒരു വര്‍ഷത്തെ നികുതി അടയ്ക്കാനും ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശിച്ചാണ് മുകേഷിന് നോട്ടീസ് അയച്ചിരിക്കുന്നത്.
ഇന്നാല്‍ ഈക്കാര്യങ്ങളില്‍ വാസ്തവമില്ലെന്നാണ് മുകേഷിന്റെ പ്രതികരണം. തന്നോട് വൈരാഗ്യമുള്ള ആരോ ആണ് ആദായനികുതി വകുപ്പിനെ തെറ്റുദ്ധരിപ്പിച്ച് ഈ നടപടി എടുപ്പിച്ചതിന് പിന്നിലെന്നും മുകേഷ് ആരോപിക്കുന്നു. കഴിഞ്ഞ 12 വര്‍ഷമായി കടനടത്തുന്നുണ്ട്. ഇതുവരെയും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടില്ല. ജീവിക്കാന്‍ വേണ്ടി കച്ചോരി കച്ചവടം നടത്തുന്നവരാണ് ഞങ്ങള്‍. കടയില്‍ രണ്ട് സഹായികള്‍ ഉണ്ട്. ഇവര്‍ക്ക് കൂലി കൊടുക്കണം. പാചകം ചെയ്യാനുള്ള സാധനങ്ങള്‍ വാങ്ങണം. ഒരു ദിവസം 2000-3000 രൂപയുടെ കച്ചവടം മാത്രമാണ് നടക്കുന്നത്. മുകേഷ് പറയുന്നു.

- Advertisement -