കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍

0

കൊച്ചി കുമ്പളത്ത് നിന്ന് ഒരാഴ്ച മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം നെട്ടൂരിന് സമീപം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. കുമ്പളം മാന്ദനാട്ട് വിദ്യന്റെ ഇരുപത് വയസുള്ള മകന്‍ അര്‍ജുന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

യുവാവിനെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത നാല് യുവാക്കളില്‍ നിന്നാണ് മൃതദേഹം ഒളിപ്പിച്ചതു സംബന്ധിച്ച വിവരം ലഭിച്ചത്. വിവരമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹം കിടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിപ്പെടാനായില്ല.

മൃതദേഹം താഴ്ത്തിയത് വാഹനം പോകാന്‍ കഴിയുന്ന സ്ഥലത്തല്ലാത്തതിനാല്‍ 150 മീറ്റര്‍ അകലെ വരെ മാത്രമേ പോകാന്‍ കഴിഞ്ഞുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. റോഡില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് സ്ഥലം. കൊലപാതകം സ്ഥിരീകരിച്ചതോടെ സ്ഥലം പോലീസ് റിബണ്‍ കെട്ടി തിരിച്ചിട്ടുണ്ട്.

ജൂലൈ 2 മുതലാണ് അര്‍ജുനെ കാണാതായത്. സംഭവത്തില്‍ ലഹരി മാഫിയയുമായി ബന്ധപ്പെട്ട നാലുപേരെ പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൃതദേഹം താഴ്ത്തിയ സ്ഥലം കണ്ടെത്തിയെങ്കിലും ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇത് അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാനാകൂ.

- Advertisement -