രാജ്യത്ത് വലിയ സാമ്പത്തികമാന്ദ്യം; തുറന്നുസമ്മതിച്ച് നീതി ആയോഗ്

0


രാജ്യത്ത് വലിയ സാമ്പത്തികമാന്ദ്യമുണ്ടെന്ന് തുറന്നുസമ്മതിച്ച് നീതി ആയോഗ്. ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു. സാമ്പത്തികമേഖലയാകെ മുരടിപ്പിലാണെന്നും, പണലഭ്യതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക മേഖലയില്‍ പണലഭ്യതയുടെ പ്രശ്‌നമുണ്ട്. സമ്പദ്വ്യവസ്ഥയിലെ സ്വകാര്യ നിക്ഷേപം ദുര്‍ബലമാണ്. 70 വര്‍ഷത്തിനിടെ അഭിമുഖീകരിക്കാത്ത സാഹചര്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്നതെന്ന് രാജീവ് കുമാര്‍ പറഞ്ഞു. സ്വകാര്യ മേഖലയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യണം. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണെന്നും രാജീവ് കുമാര്‍ പറഞ്ഞു. അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ നടപടികള്‍ സ്വീകരിക്കേണ്ടിവന്നേക്കാം.
നോട്ട് നിരോധനവും ജി എസ് ടിയും ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡും കാര്യങ്ങളെ മാറ്റിമറിച്ചെന്നും രാജീവ് കുമാര്‍ പറഞ്ഞു. നേരത്തെ 35 ശതമാനം പണവിനിമയമുണ്ടായിരുന്നത് ഇപ്പോള്‍ ഇതിലും വളരെ താഴെയാണ്. നോട്ട് നിരോധനവും ജി എസ് ടിയുമെല്ലാം സങ്കീര്‍ണമായ സാഹചര്യമാണുണ്ടാക്കിയത്. ഇതിനൊന്നും എളുപ്പത്തില്‍ ഉത്തരമില്ലെന്നും രാജീവ് കുമാര്‍ പറഞ്ഞു.

- Advertisement -