ജോണ്‍ മുത്തശ്ശനും ഫില്ലിസ് മുത്തശ്ശിയും കല്ല്യാണം കഴിക്കാന്‍ പോവുകയാണ്

0

പ്രണയത്തിന്റെ പേരില്‍ കത്തി എടുക്കുന്നവരും ആസിഡ് എടുക്കുന്നവരും പെട്രോള്‍ ഒഴിക്കുന്നവരുമൊക്കെ അറിയാന്‍, ജോണ്‍ മുത്തശ്ശനും ഫില്ലിസ് മുത്തശ്ശിയും കല്ല്യാണം കഴിക്കാന്‍ പോവുകയാണ്. അതിനിപ്പം എന്താണന്നല്ലേ…? കാര്യമുണ്ട്, സ്‌നേഹം സത്യസന്ധമാണെങ്കില്‍ അതിന് പ്രായം പ്രശ്‌നമല്ല, സൗന്ദര്യം പ്രശ്‌നമല്ല, ആരോഗ്യം പ്രശ്‌നമല്ല എന്തിന് ഈ ലോകത്ത് ഉള്ള ഒന്നും തടസമാകില്ല എന്നതിന് തെളിവാണ് ഈ മുത്തശ്ശനും മുത്തശ്ശിയും. ഇനി ഇവരുടെ പ്രായം കൂടി കേട്ടുകൊള്ളു ജോണ്‍ മുത്തശ്ശന് പ്രായം 100 ഫില്ലിസ് മുത്തശ്ശിയ്ക്ക് പ്രായം 102. പ്രണയം കൊല്ലാനും കൊലയ്ക്കുകൊടുക്കാനും കാമിക്കാനുമുള്ളതല്ല പരസ്പരം ബഹുമാനിക്കാനും സ്‌നേഹിക്കാനുമുള്ളതാണെന്ന് തെളിയിക്കുകയാണ് ഇവര്‍
രണ്ട് കൊല്ലമായി ഇരുവരും പ്രണയത്തിലായിരുന്നത്രേ. ഒഹിയോയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതും ഒടുവില്‍ പ്രണയത്തിലായതും.ഇരുവരുടെയും ജീവിത പങ്കാളികള്‍ നേരത്തെ മരിച്ചതാണ്. കുറേക്കാലമായി ഒന്നിച്ച് സമയം ചിലവഴിക്കുന്നതിനാല്‍ തമ്മില്‍ മനസിലാക്കി ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും. തങ്ങള്‍ പ്രണയത്തിലാണെന്ന് അവര്‍ തുറന്നു സമ്മതിക്കും. പ്രണയത്തിന്റെ അടുത്ത ഘട്ടമായ വിവാഹത്തിലേക്ക് തങ്ങള്‍ കടക്കാന്‍ പോവുകയാണെന്ന് അന്തസ്സായി പറയുകയും ചെയ്യുന്നു ജോണു ഫില്ലിസും. പരസ്പരം ബഹുമാനമാണ് തങ്ങളുടെ വിജയ രഹസ്യമെന്ന് ഈ മുത്തശ്ശനും മുത്തശ്ശിയും പറയുന്നു. ഓഗസ്റ്റില്‍ 103 ാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഫില്ലിസ് മുത്തശ്ശി. ആഘോഷം കൊഴുപ്പിക്കാന്‍ ജോണ്‍ മുത്തശ്ശന്‍ ഇപ്പളെ ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു.

- Advertisement -