ലോകകപ്പ് ഫൈനലില്‍ ബൗണ്ടറി തോല്‍വിയില്‍ ഐസിസിയെ ട്രോളി ന്യൂസിലാന്റ് റഗ്ബി ടീം

0

ലോകകപ്പ് ഫൈനലില്‍ ബൗണ്ടറിയുടെ ആനുകൂല്യത്തില്‍ കപ്പിനും ചുണ്ടിനും ഇടയില്‍വച്ചാണ് ന്യൂസിലാന്റിന് ലോകകപ്പ് നഷ്ടപ്പെട്ടത്. നാളുകളായെങ്കിലും ന്യൂസിലാന്റുകാര്‍ അവരുടെ നിര്‍ഭാഗ്യത്തെക്കുറിച്ച് മറന്നിട്ടില്ല. ഐസിസിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പരിഹാസമുയര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍ ന്യൂസിലാന്റ്.

അന്താരാഷ്ട്ര ക്രിക്കറ്റ് ഗവേണിംഗ് ബോഡിയായ ഐസിസിയെ പരിഹസിച്ച് ന്യൂസിലാന്റ് റഗ്ബി ടീം രംഗത്ത് വന്നു. ദക്ഷിണാഫ്രിക്കന്‍ ടീമുമായുള്ള ഓള്‍ ബ്ലാക്ക്‌സിന്റെ റഗ്ബി മത്സരം സമനിലയിലാണ് അവസാനിച്ചത്. ഇരു ടീമുകളും 16 പോയന്റ് വീതം നേടി. ബൗണ്ടറികള്‍ ഒന്നും എണ്ണാനില്ലാത്തതിനാല്‍ മത്സരം സമനില ആണെന്നാണ് പിന്നീട് ഓള്‍ ബ്ലാക്ക്‌സ് ട്വിറ്ററില്‍ കുറിച്ചത്. ഈ ട്വീറ്റിനെ ക്രിക്കറ്റ് ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കുകയും ചെയ്തു.

സൂപ്പര്‍ ഓവറിലും സമനിലയായപ്പോളാണ് ഐസിസിയുടെ റൂള്‍ അനുസരിച്ച് ഏറ്റവുമധികം ബൗണ്ടറി നേടിയ ഇംഗ്ലണ്ട് കിരീടം ഉയര്‍ത്തിയത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരും ഈ മത്സരഫലത്തിനെതിരെ കിവീസ് ആരാധകരെ പോലെ തന്നെ പ്രതികരിച്ചിരുന്നു.

- Advertisement -