കസ്റ്റഡിയിലുള്ള മലയാളികള്‍ ആശയപ്രചാരകര്‍ മാത്രം; ശ്രീലങ്കന്‍ സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ല

0


കേരളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ അറിയിച്ചു.എന്നാല്‍ ഇവര്‍ തീവ്ര വര്‍ഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി. ശ്രീലങ്കന്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എന്‍ഐഎ വ്യക്തമാക്കി.
ശ്രീലങ്കന്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാന്‍ ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം തുടരുകയാണ്.
കസ്റ്റഡിയിലായ പാലക്കാട് സ്വദേശിക്ക് തൗഹീദ് ജമാ അത്തിന്റെ തമിഴ്‌നാട് ഘടകവുമായും ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. കേസെടുത്ത് അന്വേഷിക്കാനാണ് എന്‍ഐഎയുടെ നീക്കം. കസ്റ്റഡിയിലുള്ളവര്‍ക്ക് സിറിയയിലേക്ക് ആളെ കടത്തിയതില്‍ ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സഹ്രാന്‍ ഹാഷിം മുമ്പ് കേരളത്തില്‍ എത്തിയതായി തെളിവുകളൊന്നും നിലവില്‍ കിട്ടിയിട്ടില്ല. എങ്കിലും, സഹ്രാന്‍ ഹാഷിം കേരളത്തില്‍ എത്തിയിരുന്നോയെന്നും പരിശോധിക്കുമെന്ന് എന്‍ഐഎ അറിയിച്ചു.
കൊളംബോയിലെ ഭീകാരാക്രമണത്തില്‍ ചാവേറായി മാറിയ സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം. അതേസമയം, ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേറുകള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലും തെരച്ചില്‍ ശക്തമാക്കിയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും തൗഹീത് ജമാഅതിന് വേരുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ പരിശോധന തുടങ്ങിയത്.

- Advertisement -